അമ്പതോളം  ആളുകളുടെ പേരിൽ കേസ് 
സംഘർഷത്തെത്തുടർന്ന് ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ 
ബത്തേരി ടൗണിൽ സുരക്ഷയ്ക്കായി വിന്യസിച്ച പോലീസ് സംഘം
സുൽത്താൻ ബത്തേരി: കേന്ദ്ര-സംസ്ഥാന  സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേയുള്ള യു.ഡി.എഫ്. ഹർത്താലിൽ സംഘർഷം. പോലീസ് ലാത്തിച്ചാർജിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. 
തിങ്കളാഴ്ച രാവിലെ പത്തരയോടെ ചുങ്കത്ത് വാഹനം തടയുന്നതുമായി ബന്ധപ്പെട്ട് ഹർത്താൽ അനുകൂലികളും പോലീസുമായുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതോടെ പോലീസ് ലാത്തിവീശി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് സഖറിയ മണ്ണിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സഫീർ പഴേരി, ശശി കിടങ്ങിൽ, ഗോപാലകൃഷ്ണൻ കുപ്പാടി എന്നിവർക്ക് പരിക്കേറ്റു. 
Harthal
വിവരമറിഞ്ഞ് കൂടുതൽ യു.ഡി.എഫ്. നേതാക്കളും പ്രവർത്തകരും ടൗണിലേക്കെത്തിയതോടെ സംഘർഷാവസ്ഥ മണിക്കൂറുകളോളം നീണ്ടു. പോലീസ്  അതിക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. ടൗണിൽ പ്രകടനം നടത്തി. ജില്ലാ പോലീസ് മേധാവി അരുൾ ആർ.ബി. കൃഷ്ണ, ഡിവൈ.എസ്.പി. കെ.എം. ദേവസ്യ എന്നിവർ സ്ഥലത്തെത്തി. ഇതിനുശേഷവും പ്രവർത്തകർ ചുങ്കത്ത് വാഹനങ്ങൾ തടഞ്ഞു.
ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയതെന്ന് യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.  ചുങ്കത്ത് വാഹനങ്ങൾ തടഞ്ഞിരുന്നെങ്കിലും അഞ്ചുമിനിറ്റിനുശേഷം വിട്ടയച്ചിരുന്നു. ഇതിനോട് യാത്രക്കാരും സഹകരിച്ചിരുന്നു. ഇതിനിടെയാണ് പോലീസ് അതിക്രമത്തിന് മുതിർന്നത്. 
ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ബത്തേരി സി.െഎ. ഓഫീസിലേക്ക് യു.ഡി.എഫ്. മാർച്ച് നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂർ പറഞ്ഞു.
യാത്രക്കാരുമായിവന്ന കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞിട്ട്് സർവീസ് മുടക്കാനുള്ള ശ്രമമാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് സി.െഎ. എം.ഡി. സുനിൽ പറഞ്ഞു. പ്രൊബേഷണൽ എസ്.െഎ.യെ ഹർത്താലനുകൂലികൾ കൈയേറ്റം  ചെയ്തതിനെത്തുടർന്നാണ് ലാത്തിവീശിയത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും 24  പേരുൾപ്പെടെ കണ്ടാലറിയാവുന്ന 50-ഓളം ആളുകൾക്കുനേരേ കേസെടുത്തിട്ടുണ്ട്.  
 കല്പറ്റയിലും കൈയാങ്കളി
വാഹനങ്ങൾ തടയാനെത്തിയ പ്രവർത്തകരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ ശ്രമം കല്പറ്റയിലും കൈയാങ്കളിയിലേക്ക് നീണ്ടു. രാവിലെ ചുങ്കം ജങ്ങ്ഷനിലാണ് യു.ഡി.എഫ്. പ്രവർത്തകരും പോലീസും ഇടഞ്ഞത്. സംഭവത്തിൽ ഒരാളുടെപേരിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ, പത്തുമണിക്കുശേഷം വാഹനങ്ങൾ പതിവുപോലെ ഒാടി. പനമരത്തും ഹർത്താൽ പൂർണമായിരുന്നു.
കെ.എസ്.ആർ.ടി.സി. 
പേരിനുമാത്രം 
കെ.എസ്.ആർ.ടിസി. ബത്തേരി ഡിപ്പോയിൽ രാവിലെ രണ്ട് സർവീസുകളാണ് നടത്തിയത്. പുലർച്ചെ മൂന്നുമണിക്ക്‌ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കും പോലീസ് സംരക്ഷണത്തോടെ എട്ടുമണിക്ക്‌  കോയമ്പത്തൂരിലേക്കുമായിരുന്നു സർവീസ്. ഉച്ചയ്ക്കുശേഷമുള്ള ഭൂരിപക്ഷം സർവീസുകളും നടത്തി. മറ്റുഡിപ്പോകളിൽനിന്നെത്തിയ  ദീർഘദൂരസർവീസുകളും പോലീസ് സരംക്ഷണത്തോടെയാണ് പുറപ്പെട്ടത്.  കല്പറ്റ ഡിപ്പോയിൽ രണ്ട് വോൾവോ ഉൾപ്പെടെ ഒമ്പതുസർവീസുകൾ  നടത്തി. മാനന്തവാടി ഡിപ്പോയിൽനിന്ന് ഹർത്താൽസമയത്ത്  സർവീസുകളൊന്നും നടത്തിയില്ല.