യാത്രകളോട് ഭ്രാന്ത് കൂടി അവളെ കൂട്ടുകാരും വീട്ടുകാരും 'യാത്രാഭ്രാന്തി' എന്നു വിളിച്ചു തുടങ്ങി. എന്നാൽ പിന്നെ അങ്ങനെ തന്നെയാവട്ടെ എന്ന തീരുമാനത്തിൽ ഐഷ സഹല പെൺ കുട്ടികളെ യാത്ര ചെയ്യാൻ സഹായിക്കാനായി ഒരു കൂട്ടായ്മ രൂപികരിച്ചു. അതിന് 'യാത്രാഭ്രാന്തി' എന്ന പേരുമിട്ടു. കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള പെൺകുട്ടികളുടെ യാത്ര സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുകയാണ് ഐഷ ഇന്ന്.

ഭർത്താവിനൊപ്പം വാരാന്ത്യങ്ങളിൽ യാത്ര ചെയ്തായിരുന്നു തുടക്കം. യാത്രകളുടെ ചിത്രകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കുമ്പോൾ സ്ഥിരമായി വരുന്ന ഒരു കമന്റ് നമ്മളെയൊക്കെ എന്നാണ് യാത്ര കൊണ്ടുപോകുന്നത് എന്നായിരുന്നു. അതോടെയാണ് സ്ത്രീകൾക്ക് മാത്രമായി 'ഷീ ക്യാംപിങ്' എന്ന പുതിയൊരു ചിന്തയിലേക്ക് ഐഷയെ കൊണ്ടെത്തിക്കുന്നത്. 

ആദ്യമൊക്കെ പോകാനുദ്ദേശിക്കുന്ന സ്ഥലത്ത് ഐഷ തന്നെ നേരിട്ട് പോയി സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാവുമോ എന്നന്വേഷിക്കുമായിരുന്നുവെന്ന് ഐഷ പറയുന്നു.  ഇപ്പോൾ ഒരാൾ ഫോൺ വിളിക്കുമ്പോൾപ്പോലും യാത്രാഭ്രാന്തിയല്ലേ എന്നാണ് ചോദിക്കുന്നതെന്നും ഇവർ പറയുന്നു. സ്ത്രീകൾക്കായി ഐഷ തുടങ്ങിയ ഷീ ക്യാമ്പിങ് ഇപ്പോൾ 'യാത്ര ഭ്രാന്തത്തിമാർ' എന്നാണ്  അറിയപ്പെടുന്നത്.