വർഷങ്ങളായി പുരഷന്മാർ കൈയടക്കി വച്ചിരുന്ന മേഖലയാണ് നൊബേൽ പുരസ്കാര വേദി. ഇടയ്ക്കിടെ വന്നുപോകുന്ന ഒന്നോ രണ്ടോ സ്ത്രീ മുഖങ്ങൾ മാത്രമാണ് നമ്മൾ കണ്ടിട്ടുള്ളതും. 1901 മുതലാണ് നോബേൽ സമ്മാനം നൽകിത്തുടങ്ങിയത്. അന്നുമുതലിങ്ങോട്ട് ആകെ 58 സ്ത്രീകൾ മാത്രമാണ് നൊബേലിൽ പുരസ്കാരം നേടിയത്. എന്നാൽ ഇനിയങ്ങോട്ട് മാറ്റത്തിന്റെ കാലമാണെന്ന് പറയുകയാണ് ഈ നാല് സ്ത്രീകൾ... ഭൗതിക ശാസ്ത്ര നോബേൽ നേടിയ ആൻഡ്രിയ ഘെസ്, രസതന്ത്രം കൈയടക്കിയ രണ്ട് കൂട്ടുകാരികൾ ഇമ്മാനുവേല കാർപ്പെന്റിയറും ജെന്നിഫർ ഡ്യുഡ്നയും, സാഹിത്യത്തിന്റെ അഗാതതകൾ തൊട്ടറിഞ്ഞ അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്കും.

'ഈ രംഗത്തുള്ള മറ്റ് പെൺകുട്ടികൾക്ക് മാതൃകയാവാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ മേഖലയിൽ ധാരാളം രസകരമായ കാര്യങ്ങളുണ്ട്. നിങ്ങൾ സയൻസിൽ താൽപര്യമുള്ള ആളാണെങ്കിൽ ഇനിയും കണ്ടെത്താൻ ഒരുപാട് കാര്യങ്ങളുണ്ട്'... ആൻഡ്രിയ ഘസ് തനിക്ക് പുരസ്കാരം ലഭിച്ചതറിഞ്ഞ് പങ്കുവച്ച വാക്കുകളാണിവ.

സയൻസിൽ ഇത്രയും കൂടുതൽ സ്ത്രീകൾ നൊബൽ നടുന്ന ആദ്യവർഷമാണ് ഇത്. മേരി ക്യൂറിയാണ് നൊബേൽ പുരസ്കാരം നേടിയ ആദ്യ വനിത. രണ്ട് തവണ നൊബേൽ നേടിയ വനിതയും അവർ തന്നെ. രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലും.

'എന്റെ ആഗ്രഹം ഈ നേട്ടം ലോകത്തിലെ എല്ലാ പെൺകുട്ടികൾക്കും സയൻസിന്റെ പാത തിരഞ്ഞെടുക്കാൻ പ്രചോദനം നൽകണമെന്നാണ്. ശാസ്ത്രവിഷയങ്ങളിൽ സ്ത്രീകളുടെ കടന്നുവരവ് ധാരാളം മാറ്റങ്ങൾ സൃഷ്ടിക്കും..' ഇമ്മാനുവേല കാർപ്പെന്റിയർ തന്റെ സന്തോഷം ലോകത്തോട് പങ്കുവച്ചതിങ്ങനെയാണ്.

സയൻസിൽ മാത്രമല്ല, വൈദ്യശാസ്ത്രത്തിലും, സാമ്പത്തിക ശാസ്ത്രത്തിലും, സാഹിത്യത്തിലുമെല്ലാം സ്ത്രീകളുടെ കൂടുതൽ കടന്നുവരവിനായി ലോകം കാത്തിരിക്കുകയാണ്. വരും തലമുറയിൽ പെൺകുട്ടികൾക്ക് ഒരു മാതൃകയാണ് ഇവർ. നാളെ തങ്ങളെ പിൻപറ്റി നൂറുകണക്കിന് സ്ത്രീകൾ ലോകത്തെ തന്നെ മാറ്റിമറിക്കുമെന്ന പ്രതീക്ഷയോടെ അവരും കാത്തിരിക്കുന്നു.

Content Highlights:women nobel prize winners 2020 video story