3 ലക്ഷത്തില്‍നിന്ന് 100 പേര്‍, 7 മലയാളി പെണ്‍കുട്ടികള്‍, ചരിത്രം സൃഷ്ടിച്ച് മിലിട്ടറി പോലീസ്

സ്റ്റേഷന്‍ ഡ്യൂട്ടിയിലും സമര മുഖത്തും ട്രാഫിക് സിഗ്‌നലിലും ഗാര്‍ഡ് ഡ്യൂട്ടിയിലും വനിതാ പോലീസുകാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മിലിട്ടറി പോലീസിന്റെ യൂണിഫോം അണിഞ്ഞ ഒരു വനിതയെ നമ്മള്‍ കണ്ടിട്ടുണ്ടോ? ഇല്ല എന്നായിരുന്നു ഈ ചോദ്യത്തിന് ഇതുവരെയുള്ള ഉത്തരം. ഇനി ആ ഉത്തരം തിരുത്തപ്പെടുകയാണ്. വനിതകള്‍ കാലുകുത്താത്ത ആ മണ്ണിലേക്ക് 100 പെണ്‍കുട്ടികള്‍ മാര്‍ച്ച് ചെയ്തെത്തുകയാണ്. മൂന്നു ലക്ഷം അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പെണ്‍കുട്ടികള്‍. അതില്‍ ഏഴു പേര്‍ മലയാളികളാണെന്നതാണ്  അഭിമാനകരം. അഞ്ചു ജില്ലകളില്‍ നിന്ന് ഏഴുപേര്‍. പാലക്കാട്ടുകാരി മായ സജീഷ്, മലപ്പുറം സ്വദേശി വിസ്മയ, കണ്ണൂരില്‍ നിന്നുള്ള സൂര്യ, തിരുവനന്തപുരം സ്വദേശികളായ ഗൗരി, അര്‍ച്ചന, കൊല്ലം സ്വദേശികളായ മാളു, ജനിക എന്നിവരാണ് ആ ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങുന്നത്. 

ഏഴു പേരും ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. പ്രശ്നബാധിത പ്രദേശങ്ങളിലും സൈനിക ക്യാമ്പിലും  ഇനി ഇവരുടേയും സാന്നിധ്യവുമുണ്ടാകും. കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങള്‍ നോക്കുകയാണ് ഇവരുടെ പ്രധാന ജോലി. ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോള്‍ പോലീസ് സഹായം നല്‍കുക, അതിര്‍ത്തികളില്‍ കുഴപ്പങ്ങള്‍ തലപൊക്കുമ്പോള്‍ അവിടത്തെ താമസക്കാരെ ഒഴിപ്പിക്കുക, അഭയാര്‍ഥി സംഘങ്ങളെ നിയന്ത്രിക്കുക, പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തുമ്പോള്‍ സ്ത്രീകളെ പരിശോധിക്കുക, യുദ്ധത്തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പുകള്‍ നടത്തുക...ഇവരുടെ ചുമതലയുടെ പട്ടിക ഇങ്ങനെ നീണ്ടുപോകുന്നു. 

ഇന്ത്യന്‍ കരസേനയുടെ ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍ ഈ ഏഴുപേര്‍ക്കും പറയാന്‍ ഏറെയുണ്ട്. ജോലി നേടാന്‍ നേരിടേണ്ടി വന്ന പ്രതിസന്ധികള്‍, കുടുംബത്തിന്റെ പിന്തുണ, പരിശീലന രീതി...ഈ അഭിമാന നിമിഷത്തില്‍ ഏഴ് മലയാളി പെണ്‍കുട്ടികളും മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented