പൊളിച്ചുകളയാറായ ആട്ടിന്‍കൂട്‌ കണ്ടപ്പോഴാണ് ചേര്‍ത്തലക്കാരിയായ സൗമ്യ ഹരിഹരന് വ്യത്യസ്തമായ ഒരാശയം ഉദിച്ചത്. ആട്ടിന്‍കൂടിനെ എന്തുകൊണ്ട്‌ ആര്‍ട്ട് ഗ്യാലറിയാക്കിക്കൂടാ? പിന്നെ ഒട്ടും അമാന്തിച്ചില്ല, മുമ്പ് ചെയ്തു വച്ചിരുന്ന കലാസൃഷ്ടികൾ എല്ലാം സൗമ്യ ആട്ടിന്‍ കൂട്ടിലേയ്ക്ക് മാറ്റി. 

ആരും കണ്ടാൽ അമ്പരന്നുനിന്നുപോകുന്ന മനോഹരമായ കരകൗശലവസ്തുക്കളുള്ള ആർട്ട് ​ഗ്യാലറിയാണ് ഇപ്പോളിവിടം. നന്നായി വരയ്ക്കുന്ന സൗമ്യ ചിത്രം വര പഠിച്ചിട്ടില്ല. കുട്ടിക്കാലത്ത് എല്ലാം ചെയ്തിരുന്നെങ്കിലും പിന്നീടെപ്പോഴോ ഒരിടവേളവന്നു. പിന്നീട് ഈ ലോക്ഡൗൺ കാലത്താണ് പാഴ് വസ്തുക്കളുപയോ​ഗിച്ച് മനോഹരമായ സൃഷ്ടികളുണ്ടാക്കുന്നത് സജീവമാക്കിയത്. പെയിന്റിങ്ങുകൾ, ബോട്ടിൽ ആർട്ടുകൾ... അങ്ങനെ നീളുന്നു ആ നിര.

ഓരോന്നും സൂക്ഷ്മതയോടെയുണ്ടാക്കാൻ യൂട്യൂബിനെയാണ് സൗമ്യ ആശ്രയിക്കുന്നത്. ചെയ്യുന്നതിന്റെയെല്ലാം ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെയ്ക്കും. മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്ന് ഈ കലാകാരി പറയുന്നു.  ഇപ്പോള്‍ ദിവസവും ആര്‍ട്ട് ഗ്യാലറി കാണാനായി ആളുകളും എത്തുന്നു.