എന്താണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമെന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരമായിരിക്കും. കോഴിക്കോട് ജില്ലയിലെ ചാത്തമം​ഗലം വെള്ളന്നൂരുള്ള 57 വയസുകാരി സ്നേഹപ്രഭയോടു ചോദിച്ചാൽ കഴിയാവുന്ന അത്രയാളുകളെ നീന്തൽ പഠിപ്പിക്കണം എന്നായിരിക്കും കിട്ടുന്ന ഉത്തരം. കഴിഞ്ഞ 11 വർഷമായി സ്നേഹപ്രഭയെന്ന നീന്തൽ കോച്ച് നിരവധി പേരെ നീന്തൽ പഠിപ്പിച്ചു. ഇപ്പോഴും ഒരുപാടുപേർ നെച്ചൂളിയിലെ പൊതുകുളത്തിലേക്ക് പ്രഭയുടെ കൈകളുടെ സുരക്ഷിതത്വം തേടിയെത്തുന്നു. അവരിൽ രണ്ടു മുതൽ 62 വരെ പ്രായമുള്ളവരുണ്ട്. തികച്ചും സൗജന്യമാണ് ഈ പരിശീലനം.