അഞ്ചുവർഷംമുമ്പ് കാണാതായ ഏഴു വയസ്സുകാരനെത്തേടി ബംഗാളിലെ രണ്ടു നദികൾ സാഹസികമായി സീമ ഠാക്കയെന്ന പോലീസുകാരി മുറിച്ചുകടന്നു. ലക്ഷ്യം വിജയകരമായി നിറവേറ്റിയ സീമ പിന്നീടും, കാണാതായ ഒട്ടേറെ കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ അരികിലെത്തിച്ചു. ഒന്നോ രണ്ടോ അല്ല, മൂന്നുമാസത്തിനിടെ 76 കുട്ടികളെ.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയ്പുർ ബാദ്‌ലി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ സീമ ഠാക്കയിലെ സാഹസികയായ അന്വേഷകയെ അധികൃതരും ‘കണ്ടു’. മികവുറ്റ പ്രവർത്തനത്തിനുള്ള അംഗീകാരമായി അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടറായി പ്രമോഷൻ നൽകാനായിരുന്നു തീരുമാനം.
കാണാതാവുന്ന 14 വയസ്സിൽ താഴെയുള്ള അമ്പതോ അതിൽ അധികമോ കുട്ടികളെ ഒരു വർഷത്തിനുള്ളിൽ കണ്ടെത്തുന്ന കോൺസ്റ്റബിൾ അല്ലെങ്കിൽ ഹെഡ്‌കോൺസ്റ്റബിളിന് നേരിട്ട് സ്ഥാനക്കയറ്റം നൽകുന്ന പദ്ധതി 2020 ഓഗസ്റ്റ് അഞ്ചിന് ഡൽഹി പോലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവ പ്രഖ്യാപിച്ചിരുന്നു. പദ്ധതിപ്രകാരം നേരിട്ട് സ്ഥാനക്കയറ്റം ലഭിക്കുന്ന ആദ്യ ഉദ്യോഗസ്ഥയാണ് സീമ.