അർബുദ ബാധയെത്തുടർന്ന് തളർന്നുപോയ ജീവിതത്തെയും മനസ്സിനെയും ജൈവകൃഷിയിലൂടെ തിരിച്ചുപിടിക്കുകയാണ് മലപ്പുറം തവനൂർ  സ്വദേശിനിയായ രജനി.

ചെറുപ്പം മുതലേ രജനിക്ക് കൃഷിയോട് താത്പര്യമുണ്ടായിരുന്നു. ആറു വർഷം മുമ്പാണ് രജനിയെ അർബുദം പിടികൂടുന്നത്. ആകെ തളർന്നുപോയ സമയമായിരുന്നു അതെന്ന് രജനി പറഞ്ഞു. പച്ചക്കറി കഴിക്കുന്നയാളാണ് ഭർത്താവ്. എന്നും പച്ചക്കറി വേണമെന്നുള്ളതുകൊണ്ട് വീട്ടിൽത്തന്നെ പച്ചക്കറി നടും. ജൈവവളം മാത്രം ഇടും. 

കഞ്ഞിവെള്ളം, പഴത്തിന്റെ തൊലി, വേപ്പിൻ പിണ്ണാക്ക്, ചാണകം തുടങ്ങിയവയാണ് വളമായി ഉപയോ​ഗിക്കാറ്. കാബേജ്, കോളി ഫ്ളവർ, മത്തൻ, തക്കാളി, മുളക്, ചീര, വഴുതന തുടങ്ങി നിരവധി പച്ചക്കറിയിനങ്ങൾ രജനിയുടെ തോട്ടത്തിൽ വിളയുന്നു.

കൃഷിയുമായി ഇടപഴകി, അതിൽ സന്തോഷം കണ്ടെത്തിയുള്ള ജീവിതമാണ് തന്റേതെന്ന് രജനി പറയുന്നു. "ഇനി മുന്നോട്ട് എങ്ങനെയായിരിക്കും ജീവിതം എന്നറിയില്ല. പക്ഷേ വെറുതെയിരിക്കില്ല, എല്ലാവരും ഉച്ചയ്ക്ക് വിശ്രമിക്കുന്ന സമയത്ത് ഞാനെന്റെ കൃഷിത്തോട്ടത്തിലേക്കിറങ്ങും". രജനി പറഞ്ഞു.