അപ്രതീക്ഷിതമായ അംഗീകാരത്തോടു കൂടിയാണ് ഡോ. നര്‍ത്തകി നടരാജ് തന്റെ സ്വപ്നവേദിയായ തിരുവനന്തപുരം നിശാഗന്ധിയില്‍ നിന്നും ഭരതനാട്യം അവതരണത്തിന് ശേഷം മടങ്ങിയത്. കലൈമാമണി അംഗീകാരത്തിനൊപ്പം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മശ്രീയും ഇനി നര്‍ത്തകിക്ക് സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ക്കാം. ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ കൂടിയാണ് ഡോ. നര്‍ത്തകി നടരാജ്. കഠിന പ്രയത്നത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ഓരോ വേദികള്‍ കീഴടക്കുമ്പോഴും നര്‍ത്തകി നടരാജ് ചേര്‍ത്ത് പിടിക്കുന്നത് കൂട്ടുകാരി ശക്തിയെയാണ്. പൊതുവെ സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന വിഭാഗമായ ട്രാന്‍സ്ജെന്‍ഡര്‍ ജനതയെ ഉയര്‍ത്തുന്നതിനായി നര്‍ത്തകി ശുപാര്‍ശ ചെയ്ത തിരുനങ്കൈ എന്ന പദം തമിഴ് നാട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.