സ്ത്രീകളെയും കുട്ടികളെയും കരുതലോടെ ചേര്‍ത്തു പിടിക്കുന്ന ഒരു ഓട്ടോ ഡ്രൈവറെ പരിചയപ്പെടാം. ചെന്നൈ നഗരത്തിലെ ഓട്ടോ തൊഴിലാളിയായ രാജി പാലക്കാട് സ്വദേശിയാണ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയാണ് രാജിയുടെ ഓട്ടോയില്‍. 

ചെന്നൈ നഗരത്തില്‍ രാവിലെ മുതല്‍ തുടങ്ങും രാജിയുടെ ഓട്ടോ സര്‍വ്വീസ്. രാവിലെ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ഓട്ടോ അക്കയുടെ വക സൗജന്യ സര്‍വ്വീസാണ്. രാത്രി സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും സൗജന്യയാത്ര. തീര്‍ന്നില്ല, പാവപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനായി രണ്ട് ദിവസം പ്രത്യേക സര്‍വ്വീസും രാജി നടത്തുന്നുണ്ട്. 

16 മണിക്കൂര്‍ മുതല്‍ 20 മണിക്കൂര്‍ വരെ അന്ന് രാജി ഓട്ടോ ഓടിക്കും. ആ ദിവസങ്ങളില്‍ ഓട്ടോയില്‍ ഒരു പെട്ടി കൂടി ഉണ്ടാവും. സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് തുക ആ പെട്ടിയിലിടാം. എത്ര രൂപ കിട്ടിയാലും ആ തുക ട്രസ്റ്റ് വഴി അര്‍ഹരിലേക്കെത്തും. 

പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരാണ് രാജിയുടെ സ്വദേശം. സ്‌നേഹിച്ച ആളെ വിവാഹം കഴിക്കാന്‍ നാട് വിടേണ്ടി വന്നു. അങ്ങനെ ആദ്യം കോയമ്പത്തൂരിലും പിന്നീട് ചെന്നൈയിലുമെത്തിയ രാജി ഓട്ടോ അക്കയായി.