പ്രതിസന്ധികള്‍ വഴി തുറക്കുക പുതിയ പരിഹാരങ്ങള്‍ക്ക് കൂടിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കോഴിക്കോട്ടെ വനിതാ സംരംഭക. ലോക്ഡൗണ്‍ കാലം വസ്ത്രമേഖലയ്ക്ക് തിരിച്ചടി നേരിട്ടപ്പോള്‍ അതിജീവനത്തിനായി പുതിയ പാത കണ്ടെത്തുകയാണ് ചേവായൂരിലെ സെലിബ്രേറ്റ് ബൊട്ടീക്ക് ഉടമ ലത സൂരജ്. കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള മാസ്‌ക് നിര്‍മ്മാണത്തെ മറ്റൊരു രീതിയില്‍ പരീക്ഷിക്കുകയാണ് ഇവര്‍.

അല്‍പം ട്രെന്‍ഡിയായ ഡിസൈനര്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുകയാണ് സെലിബ്രേറ്റ് ഉടമയായ ലത സൂരജ്. കടലാസില്‍ വരച്ച ചിത്രങ്ങളും ഡിസൈനുകളും മനോഹരമായി മാസ്‌കില്‍ പകര്‍ത്തി ആകര്‍ഷകമായ മാസ്‌കുകള്‍ ഒരുക്കുകയാണ് ലത. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗമാരക്കാര്‍ക്കുമെല്ലാം ഇഷ്ടപ്പെടുന്ന വിധത്തില്‍ പലനിറത്തിലും ഡിസൈനിലും മാസ്‌കുകള്‍ റെഡി. വസ്ത്രങ്ങള്‍ക്ക് യോജിച്ച കസ്റ്റമൈസ്ഡ് മാസ്‌കുകള്‍ക്കും ആവശ്യക്കാരേറെയാണ്. പുരുഷന്മാര്‍ക്കുള്ള മാസ്‌കുകള്‍ക്കും നിരവധി ആവശ്യക്കാരാണ്.