ലോട്ടറി വില്പനയാണ് കാർത്യായനിയമ്മയുടെ ജോലി. പക്ഷേ നല്ലൊരു കലാകാരികൂടിയാണിവർ. അസ്സലായി കവിതയെഴുതും പാടും. എറണാകുളം ജില്ലയിലെ തൊടുപുഴയാണ് കാർത്യായനിയമ്മയുടെ കർമമേഖല. നല്ല നാടൻപാട്ടുകളും കാർത്യായനിയമ്മ എഴുതുകയും പാടുകയും ചെയ്യും. എഴുതിക്കൂട്ടിയതെല്ലാം സമാഹരിച്ച് 'നാടൻപാട്ടുകളുടെ അക്ഷരക്കൂട്ട്' എന്ന പേരിൽ ഒരു പുസ്തകവും ഇവർ ഇറക്കിക്കഴിഞ്ഞു.

ഏഴാംതരം വരെയേ പഠിച്ചിട്ടുള്ളൂ. ജീവിത പ്രാരാബ്ധംകൊണ്ട് തന്നെ പഠിപ്പിക്കാൻ പറ്റിയില്ല എന്ന് കാർത്യായനിയമ്മ പറയുന്നു. അച്ഛനുമമ്മയും നാടൻ പാട്ട് പാടുന്നവരായിരുന്നു. ഒരിക്കൽ ചിക്കുൻ ​ഗുനിയ വന്ന് കാല് തളർന്നു. അതോടെയാണ് ലോട്ടറിക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. ഒരു കൂട്ടുകാരിയാണ് ഇടയ്ക്കുവെച്ച് നിന്ന കവിതയെഴുത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നതെന്ന് പറയുന്നു കാർത്യായനിയമ്മ.