ചെറിയ വിഷമങ്ങളിൽപ്പോലും പതറിപ്പോകുന്നവർ അറിഞ്ഞിരിക്കേണ്ട ജീവിതമാണ് ഷെറിൻ ഷഹാന എന്ന പെൺകുട്ടിയുടേത്. പി.ജി പരീക്ഷ കഴിഞ്ഞ് ടെറസിൽ വിരിച്ചിട്ട വസ്ത്രം എടുക്കാൻ പോയതായിരുന്നു ഷെറിൻ. മഴ പെയ്ത് കുതിർന്നു കിടന്നതുകൊണ്ട് വസ്ത്രം വലിച്ചെടുക്കുന്നതിനിടെ വഴുക്കി മുന്നോട്ട് ആഞ്ഞു. സൺഷെയ്ഡിൽ ചെന്നിടിച്ചാണ് താഴേക്ക് വീഴുന്നത്. അവിടെ വച്ചുതന്നെ നട്ടെല്ലിനും വാരിയെല്ലിനുമുള്ള പരിക്ക് മനസ്സിലായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയിലെല്ലാം നട്ടെല്ലിനു വേദനയുണ്ടായിരുന്നു. പുറമേക്ക് രക്തം ഇല്ലാതിരുന്നതുകൊണ്ട് എന്താണ് പറ്റിയതെന്നോ സ്പൈനൽ കോഡ് ഇൻജുറി എന്താണെന്നോ ആർക്കും മനസ്സിലായിരുന്നില്ല. തുടർന്ന് ആശുപത്രി കിടക്കയിലായി ഷെറിന്റെ ജീവിതം. ജോലിയും യാത്രയും വായനയുമൊക്കെ സ്വപ്നം കണ്ടുനടന്ന ഷെറിന്റെ ജീവിതം അതോടെ പൂർണമായും വീൽചെയറിലേക്ക് മാറുകയായിരുന്നു.

സർജറി കഴിഞ്ഞ് ഒരുമാസത്തെ അബോധാവസ്ഥയ്ക്കു ശേഷമാണ് തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് ഷെറിൻ തിരിച്ചറിയുന്നത്. പിന്നാലെ ഓർമക്കുറവും ബാധിച്ചതോടെ എല്ലാം കൈവിട്ടുപോയെന്നാണ് ഷെറിൻ കരുതിയത്. പി.ജി വരെ പഠിച്ച ഷെറിൻ ആദ്യം മുതൽ അക്ഷരങ്ങൾ പഠിച്ചു തുടങ്ങി. നെറ്റ് നേടിയെടുത്തു. അതീജീവനത്തിന്റെ ഉദാത്ത മാതൃകയാണ് ഷെറിൻ ഇന്ന്...