കൊച്ചി ഗ്രാന്റ് ഹയാത്തിലെ മലബാര്‍ കഫേയിലെ നല്ല കൊതിയൂറും സൗത്ത് ഇന്ത്യന്‍ രുചികളുടെ കൈപുണ്യം ഹെഡ് ഷെഫ് ലതയ്ക്ക് അവകാശപ്പെട്ടതാണ്. കേരളത്തിലെ ആദ്യ ലേഡി ഷെഫും ആദ്യ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയുമാണ് ലത.

1988- 89 ലാണ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കുന്നത്. അന്ന് സ്ത്രീകൾ ഈ രം​ഗത്തേക്ക് വരുന്ന കാലമല്ലാത്തതിനാൽ നന്നായി കഷ്ടപ്പെട്ടുവെന്ന് ലത പറഞ്ഞു. ലക്ഷ്യത്തിലെത്തണം എന്ന ചിന്തയാണ് എല്ലാ ബുദ്ധിമുട്ടുകളേയും തരണം ചെയ്യാൻ സഹായിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. 

2006-ലാണ് കേരളത്തിലെ ആദ്യ വനിതാ ഷെഫ് എന്ന നേട്ടം ലതയെ തേടിയെത്തിയത്. ഒരു പത്രം സ്ത്രീകൾ ജോലി ചെയ്യുന്ന വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സർവേ നടത്തിയിരുന്നു. അന്ന് ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട് വേറെ സ്ത്രീകളൊന്നുമില്ലായിരുന്നു. അങ്ങനെയാണ് ലത കേരളത്തിലെ ആദ്യ ലേഡി ഷെഫാകുന്നത്.

ദക്ഷിണേന്ത്യൻ ഭക്ഷണമാണ് ലതയുടെ മേഖല. ചെറുപ്പം തൊട്ടേ പാചകത്തിനോട് ഇഷ്ടമുള്ള ലതയുടെ ആദ്യ​ഗുരു സത്യത്തിൽ സ്വന്തം അമ്മ തന്നെയാണ്. വീട്ടിൽ അമ്മയില്ലാതിരുന്ന ഒരുദിവസം അച്ഛനുവേണ്ടിയുണ്ടാക്കിയ മീൻ കറിയാണ് ലതയിലെ പാചകവിദ​ഗ്ധയെ പുറത്തെത്തിച്ചത്. അന്ന് ഒമ്പത് വയസായിരുന്നു ലതയ്ക്ക്. ഷെഫ് ആകണമെന്ന് അച്ഛനാണ് തീരുമാനിച്ചതെന്ന് ലത പറയുന്നു.

മുമ്പ് വിദേശത്തടക്കം നിരവധിയിടങ്ങളിൽ ലത ജോലി നോക്കിയിട്ടുണ്ട്. മൂന്നരവർഷമായി ​ഗ്രാന്റ് ഹയാത്തിലെത്തിയിട്ട്.