കോഴിക്കോട്: കേരളത്തിൽ അടുത്തിടെ സ്ത്രീകൾക്ക് നേരെ  ഉണ്ടായ അതിക്രമങ്ങൾക്കും സ്ത്രീധനപീഡനങ്ങൾക്കും എതിരെ ശക്തമായ കാമ്പയിനുമായി ഗൃഹലക്ഷ്മി രംഗത്ത്. ഗൃഹലക്ഷ്മി പ്രത്യേക പതിപ്പ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു.  ഇത്തരമൊരു ക്യാമ്പയിൻ ഏറ്റെടുത്ത ഗൃഹലക്ഷ്മിയെ അഭിനന്ദിച്ച ഗവർണർ ക്യാമ്പയിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച പുറത്തിറങ്ങുന്ന ജൂലായ് രണ്ടാം ലക്കം ഗൃഹലക്ഷ്മിയാണ് #saynotodowryandabuse എന്ന ഹാഷ് ടാഗിൽ പുത്തൻ കാമ്പയിന് തുടക്കം കുറിക്കുന്നത്.   പ്രത്യേക പതിപ്പിൽ നടി റിമ കല്ലിങ്കൽ മുഖം മറച്ച് ആണ് പ്രത്യക്ഷപെടുന്നത്.  മുഖം അല്ല ആശയം ആണ് പ്രധാനം എന്ന സന്ദേശവുമാണ് കവറിലൂടെ മുന്നോട്ട് പോകുന്നത്. 

സ്ത്രീധന സമ്പ്രദായത്തിനും അതിക്രമത്തിനും എതിരായ സന്ദേശമെഴുതിയ കൈ ഉയര്‍ത്തി മുഖം മറച്ച റിമ കല്ലിങ്കലിന്റെ ചിത്രം മലയാളം മാഗസിനുകളുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി ചേർക്കുന്നു.  കൊച്ചിയിലെ ഫ്‌ളാറ്റിനുള്ളില്‍ ഒരുവര്‍ഷത്തോളം പുറംലോകമറിയാതെ പങ്കാളിയില്‍ നിന്ന് ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടി ജീവിതത്തിലെ ആ ദുരിതകാലത്തെപ്പറ്റി  ആദ്യമായി ഗൃഹലക്ഷ്മിയിലൂടെ മനസ് തുറക്കുകയാണ്. വിസ്മയയുടെ വിവാഹം അവളുടെ സന്തോഷങ്ങളെ തല്ലിക്കെടുത്തിയത് എങ്ങനെയെന്ന് സഹോദരന്‍ വിജിത്ത് എഴുതുന്നു. പ്രണയം നിരസിച്ചതിന്റെ പേരില്‍ സഹപാഠി കുത്തിക്കൊലപ്പെടുത്തിയ പെരിന്തല്‍മണ്ണയിലെ ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്‍ കേരളത്തിലെ എല്ലാ അച്ഛനമ്മമാര്‍ക്കുമായി എഴുതിയ കുറിപ്പും  ലക്കത്തിലുണ്ട്. 

ബന്ധങ്ങള്‍ കെണികളാകുമ്പോള്‍ അതിജീവിക്കാനും പ്രതിരോധിക്കാനും ഉള്ള നിര്‍ദേശങ്ങളും ഉള്ളടക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരി എം.ജി മല്ലികയും പോലീസ് ഉദ്യോഗസ്ഥ ആനി ശിവയും അവരുടെ അതിജീവനകഥ പങ്കുവെക്കുന്നു.