വഴിയിൽ കിടന്ന് കിട്ടിയ ഒരു ലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ ഉടമയ്ക്ക് കൈമാറി നാടിന്റെയാകെ ആദരവ് നേടിയിരിക്കയാണ് ഒരു കൊച്ചുമിടുക്കി. ആലപ്പുഴ അരൂക്കുറ്റിയിലെ പ്ലസ് വൺ വിദ്യാർത്ഥിനി പുണ്യയാണ് ഏവർക്കും മാതൃകയായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ശ്രീകണ്ഠേശ്വരം സ്കൂളിൽ അഡ്മിഷന് പോയി വരികയായിരുന്നു പുണ്യ. റോഡരികിലൂടെ നടന്നുവരവേ കടന്നുപോയ ബൈക്കിൽ നിന്നും ഒരു പണക്കെട്ട് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഇത്രയും പണം ഒരുമിച്ച് കണ്ടപ്പോൾ പേടിച്ചുപോയെന്ന് പുണ്യ പറഞ്ഞു. പൈസ ആദ്യമെടുത്തില്ല. സമീപത്തെ വീട്ടിലുണ്ടായിരുന്ന ആളോട് കാര്യം പറഞ്ഞു. കൂടാതെ മറ്റൊരു സ്ത്രീയോടും ഇതേ കാര്യം പറഞ്ഞു. ഇവരെയാണ് പണം നഷ്ടപ്പെട്ടയാൾ സമീപിച്ചത്.

പുണ്യയുടെ സമയോചിതമായ ഇടപെടലിലൂടെ അബ്ദുൾ കലാം എന്ന അധ്യാപകനാണ് നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടിയത്. പുണ്യയുടെ പ്രവൃത്തി സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.