എല്ലാ ദിവസവും ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യാന്‍ തന്നെ നമ്മളില്‍ പലരും മടിക്കാറുണ്ട്. എന്നാല്‍ മുതിര്‍ന്നവരില്‍ പലരും ജിമ്മില്‍ പോക്ക് മുടക്കാറില്ലതാനും. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് നൂറ് വയസ്സുള്ള ഭാരോദ്വഹകയായ എഡിത് മുര്‍വേ. യു.എസ്.എയിലെ  ഫ്ളോറിഡയാണ് സ്വദേശം. തന്റെ 91-ആം വയസ്സിലാണ് ഡെത്ത്ലിഫ്റ്റിങും ബെഞ്ചിങ്ങും മറ്റും എഡിത്തിന്റെ ദിനചര്യയുടെ ഭാഗമാകുന്നത്.

സ്ത്രീകള്‍ ഭാരോദ്വഹനം ചെയ്യുന്നത് കണ്ട് എന്ത് കൊണ്ട് തനിക്കും ഇതായിക്കൂടാ എന്ന് എഡിത്തിന് തോന്നി. പലരും ഭാരമുയര്‍ത്തുന്നത് കണ്ട് അതിശയിച്ച എഡിത് തനിക്ക് വയസ്സായി, വീട്ടില്‍ അടങ്ങിയിരിക്കാം എന്നൊന്നും കരുതിയില്ല. അമ്മയ്ക്ക് പ്രായമായി അടങ്ങിയൊതുങ്ങിവീട്ടില്‍ നിന്നോണം എന്നൊന്നും പറയാതെ മകളും കട്ട് സപ്പോര്‍ട്ട്.  95-ാം വയസ്സില്‍ തന്നെക്കൊണ്ട് സാധിക്കുന്നതിനെക്കാളേറെ ഭാരം ഉയര്‍ത്തിയപ്പോള്‍ ഒരു പുരസ്‌ക്കാരം കിട്ടി എഡിത്തിന്. പിന്നീട്, ആഹാ ഇത് തരക്കേടില്ലലോ എന്ന മട്ടായി.

നിലവില്‍ ഭാരോദ്വഹന മത്സരത്തില്‍ പങ്കെടുത്ത ഏറ്റവും  പ്രായമുള്ള ഭാരോദ്വഹക എന്ന ഗിന്നസ് ബുക്ക്സ് ഓഫ് റെക്കോര്‍ഡ്‌സിന് കൂടി ഉടന്‍ ഉടമയാകും എഡിത്. 2022 ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലായിരിക്കും എഡിത്തിനെ ഉള്‍പ്പെടുത്തുക. അമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് അഭിമാനമാണെന്ന് എഡിത്തിന്റെ മകള്‍ ഹണി കോട്ട്രല്‍ പറയുന്നു. അമ്മ എപ്പോള്‍ ഭാരമുയര്‍ത്തിയാലും ആളുകള്‍ കൈയ്യടിക്കും. കൈയ്യടികള്‍ അമ്മയ്ക്ക് ഹരമാണെന്നും പറയുന്നു മകളായ ഹണി കോട്ട്രല്‍.

വെയ്റ്റ് ട്രെയിനിങ്ങിന് വയസ്സ് ഒരു വിഷയമല്ലെന്ന് തെളിയിക്കുകയാണ് അമേരിക്കക്കാരിയായ എഡിത്.ഇപ്പോഴും ഭാരമുയര്‍ത്തുമ്പോള്‍ എഡിത് ഒന്നു ചിരിക്കും, കൈയ്യടികള്‍ പോരാ എന്ന മട്ടില്‍.

 

Content Highlights: edith murway soon to hold a guiness record for old powerlifter