ക്യാൻസർ ബാധിതയായ അമ്മയുടെ ചികിൽസാ ചിലവുകൾക്കായി മണലിൽ ചിത്രങ്ങൾ വരച്ച് വിൽപ്പന നടത്തുകയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഗൗരി സജീവൻ. അമ്മയുടെ ചികിത്സക്ക് ഒപ്പം തന്റെയും സഹോദരിമാരുടെയും പഠന ചിലവുകൾക്ക് പണം കണ്ടെത്താൻ ഡ്രൈവറായ അച്ഛൻ ബുദ്ധിമുട്ടുന്നത് കണ്ടാണ് ഗൗരി ചിത്ര രചനയിലേയ്ക്ക് കടക്കുന്നത്.

​ഗൗരിയുടെ അമ്മ ജയയ്ക്ക് ഒരു വർഷം മുമ്പാണ് അർബുദബാധ കണ്ടെത്തുന്നത്. കോട്ടയം മെഡിക്കൽ കോളേജിലാണ് ചികിത്സ. ഇതുവരെ എട്ട് കീമോകളും ഓപ്പറേഷനുകളും നടത്തി. അമ്മയുടെ ചികിത്സാ ചിലവുകൾക്കായി ഇതിനകം ആയിരത്തിലേറെ ചിത്രങ്ങൾ ​ഗൗരി വരച്ചുകഴിഞ്ഞു. ഇതെല്ലാം നിരവധി പേർ പണംകൊടുത്ത് വാങ്ങുകയും ചെയ്യുന്നുണ്ട്.

മാസം ഒരുലക്ഷത്തോളം രൂപയാണ് ജയയുടെ ചികിത്സയ്ക്കായി വരുന്ന ചിലവ്. ഇതിന്റെ ഒരുഭാ​ഗം ഇപ്പോൾ ചിത്രവില്പനയിലൂടെ കണ്ടെത്തുവാൻ ​ഗൗരിക്കാവുന്നുണ്ട്.  കൃത്യമായ ചികിത്സയിലൂടെ ജയയുടെ രോ​ഗം മാറ്റാനാവുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്.