ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്ന ഒരു യു.പി സ്വദേശി അധ്യാപിക കോതമംഗലത്ത് ഉണ്ട്. വർഷങ്ങളായി കേരളത്തിൽ താമസിച്ചു പഠിക്കുന്ന അർഷി സലിമാണ് 15ലേറെ കുട്ടികളെ മലയാളമടക്കമുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നത്. സമഗ്രശിക്ഷാ കേരളത്തിന്റെ (എസ്.എസ്.കെ) ക്ലാസിൽ മലയാളത്തോടൊപ്പം സയൻസും കണക്കുമെല്ലാം ആർഷി പഠിപ്പിക്കുന്നുണ്ട്.

ഓൺലൈൻ പഠനം അന്യസംസ്ഥാന കുട്ടികൾക്ക് ബുദ്ധിമുട്ടായതോടെയാണ് ഇരുപത്തൊന്നുകാരി ആർഷിയെ എജ്യുക്കേഷൻ വൊളന്റിയറായി നിയമിച്ചത്. 13 വർഷം മുൻപാണ് ഉത്തർപ്രദേശിലെ സഹ്റഖ്പുരിൽ നിന്നും ആർഷിയുടെ പിതാവ് സലിം കേരളത്തിലെത്തിയത്. ഒരു വർഷത്തിന് ശേഷം കേരളം കാണിക്കാൻ കൊണ്ടുവന്ന കുടുംബത്തെ തിരികെ വിട്ടില്ല. ആർഷിയെയും സഹോദരങ്ങളെയും ഗവ.സ്കൂളിൽ ചേർത്തു. അങ്ങനെ നാലാം ക്ലാസിലാണ് ആർഷി മലയാളം പഠിക്കാൻ ആരംഭിച്ചത്. ചില്ലക്ഷരങ്ങളായിരുന്നു ആർഷിയെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത്. 

ഹിന്ദിയുമായി താരതമ്യം ചെയ്യുമ്പോൾ കടുകട്ടിയാണ് മലയാളമെന്നാണ് ആർഷിക്ക് പറയാനുള്ളത്. തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് വാശിയോടെ മലയാളം പഠിക്കുകയായിരുന്നുവെന്നാണ് ആർഷിക്ക് പറയാനുള്ളത്.