കോവിഡ് പോസിറ്റീവ് ആയ രോഗിയെ വാഹനം ഓടിച്ച് ആശുപതിയിൽ എത്തിച്ച് കൈയടി നേടുകയാണ് മലപ്പുറത്തെ ഒരു വനിതാ പഞ്ചായത്ത് മെമ്പർ. പെരുവള്ളൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ്‌ മെംബർ അറക്കൽ ആയിഷ ഫൈസലാണ് പ്രതിസന്ധി ഘട്ടത്തിൽ രക്ഷകയായത്. 

ജനപ്രതിനിധിയായി ഇറങ്ങിയത് കോവിഡ് മഹാമാരി എന്ന പ്രതിസന്ധിയിലേക്കാണെന്ന് ആയിഷ പറഞ്ഞു. ഒരിക്കൽ വിവരാന്വേഷണത്തിന് ഒരു വീട്ടിലേക്ക് വിളിച്ചപ്പോഴാണ് പ്രായമായ സ്ത്രീ കോവിഡ് ബാധിതയാണെന്ന് അറിയുന്നത്. മറ്റൊരാശുപത്രിയിലേക്ക് മാറ്റുകയാണ് നല്ലതെന്ന് തോന്നി. ഹെൽത്ത് ഇൻസ്പെക്ടറെ വിളിച്ചപ്പോൾ തിരൂരങ്ങാടിയിലേക്ക് മാറ്റാം എന്നു പറഞ്ഞു. പല ഡ്രൈവർമാരെയും വിളിച്ചെങ്കിലും പി.എച്ച്.എസ്.സിയിൽ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് സ്വയം വണ്ടിയോടിച്ച് അവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും ആയിഷ പറഞ്ഞു.

പൾസ് നോക്കുമ്പോൾ കുറവായിരുന്നു. അതുകൊണ്ട് അവരെ പെട്ടന്ന് ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു മനസിൽ. പോസിറ്റീവായ രോ​ഗിയാണ് കൂടെയുള്ളത് എന്നത് ചെറിയ ഭീതിക്കിടയാക്കി. എന്നാൽ അതൊന്നും നോക്കാതെ കൃത്യസമയത്ത് രോ​ഗബാധിതയെ ആശുപത്രിയിലെത്തിച്ചെന്നും അവർ പറഞ്ഞു.