ചെറുപ്പത്തിൽ പൊട്ടുതൊട്ട് വളകളിട്ട് പാവാടയിട്ട് നടന്നപ്പോൾ എല്ലാവരും അതൊരു കുട്ടിത്തമായേ കണ്ടുള്ളു. വൈകാതെ തന്റെ സ്വത്വം സ്ത്രീയുടേതാണെന്ന് സമൂഹത്തെയും ബോധ്യപ്പെടുത്തേണ്ടി വന്നു. അക്ഷരങ്ങളുമായി കൂട്ടുകൂടേണ്ട പ്രായത്തിൽ വിശപ്പകറ്റാൻ ഇഷ്ടികക്കളത്തിലേക്കും ഒടുവിൽ വഴികാട്ടാൻ ഒരാൾ പോലുമില്ലാതെയിരുന്നിട്ടും ട്രാൻസ്ജെൻ‍ഡർ ലോകത്തെ ആദ്യ പ്രതിനിധിയായി മേക്അപ് ലോകത്തേക്കും പ്രവേശിച്ചു. ഇന്ന് സെലിബ്രിറ്റി മേക്അപ് ആർട്ടിസ്റ്റ് എന്ന തലത്തിലേക്കുയർന്ന ര‍ഞ്ജു രഞ്ജിമാർ തന്റെ ജീവിതകഥ പങ്കുവെക്കുകയാണ്. ദാരിദ്ര്യം നിറഞ്ഞ കാലത്തേക്കുറിച്ചും മേക്അപ് ലോകത്ത് നേരിട്ട തിരസ്കാരങ്ങളെക്കുറിച്ചും ജ്യോതിർമയിയും മുക്തയും ഇരുകൈയും നീട്ടി സ്വീകരിച്ചതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് രഞ്ജു രഞ്ജിമാർ.