മലബാറിന്റെ ഇടതുകോട്ടയാണ് കോഴിക്കോട്. പഞ്ചായത്ത് തലം മുതല്‍ കോര്പ്പറേഷന് വരെ വലിയ ബുദ്ധിമുട്ടില്ലാതെ ഇടതുപക്ഷം കാലങ്ങളായി മേധാവിത്വം പുലര്‍ത്തിപ്പോരുന്ന ജില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ബഹുദൂരം മുന്നിലെത്തി പ്രചാരണത്തില്‍ സജീവമായതിനൊപ്പം എല്‍ജെഡി, കേരള കോണ്‍ഗ്രസ് എം എന്നിവരുടെ എല്‍ഡിഎഫിലേക്കുള്ള വരവ് ഇടതുപക്ഷത്തിന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാക്കാനുള്ള വഴിയൊരുക്കുകയാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനം വഴി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളാണ് ഇത്തവണ എല്‍ഡിഎഫ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം. ഇതിനെ സംസ്ഥാന സര്‍ക്കാരിനെതിരേ ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങള്‍ക്കൊണ്ട് എങ്ങനെ പ്രതിരോധിക്കാമെന്നാണ് യുഡിഎഫ് ചിന്തിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കി ഒരുപടി മുന്നിലാണ് ഇത്തവണ എന്‍ഡിഎയുമുള്ളത്. വലിയ ആത്മവിശ്വാസത്തിലാണ് എന്നതിലുപരി പ്രചാരണത്തിലും സജീവമാണ്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലുണ്ടാക്കിയ അട്ടിമറി സീറ്റ് വര്‍ധനവിലെ ആത്മവിശ്വാസവുമായാണ് ഇത്തവണ എന്‍ഡിഎ രംഗത്തെത്തിയിരിക്കുന്നത്.
രണ്ട് സീറ്റില്‍ നിന്ന് ബിജെപി കൗണ്‍സിലര്‍മാരുടെ എണ്ണം 2015-ല്‍ ഏഴായി. കേന്ദ്ര പദ്ധതികള്‍ക്ക് കൂടുതല്‍ പ്രചാരണം നല്കി പഞ്ചായത്ത് തലങ്ങളിലും അട്ടിമറി വിജയമാവര്‍ത്തിക്കാന്‍ സാധിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ നേതൃത്വമുള്ളത്.