നാടിനെ നടുക്കിയ കരിപ്പൂർ വിമാനാപകടം നടന്നിട്ട് ഒരു വർഷം തികയുന്നു. 2020 ഓഗസ്റ്റ് ഏഴിന് ദുബായിൽ നിന്ന് കരിപ്പൂരേക്കു പറന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ട് രണ്ടായി പിളർന്നത്. വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ അയച്ച ഐ.എക്സ്. 1334 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ക്യാപ്റ്റൻ ദീപക് വസന്ത് സാധേ അടക്കം 21  പേർ മരണമടഞ്ഞു. 92 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിമാനാപകടം നടന്ന് ഒരാണ്ട് പിന്നിടുമ്പോഴും കേന്ദ്രം വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക അപകടത്തെ അതിജീവിച്ചവരുടെ കൈകളിലെത്തിയിട്ടില്ല. അന്വേഷ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം പിന്നിട്ടിട്ടും റിപ്പോർട്ടുകൾ വൈകുന്നു. നിരവധി ചോദ്യങ്ങൾ ബാക്കിയാക്കി അപകടത്തിന്റെ ഒന്നാം വാർഷികം കടന്നുപോകുന്നു.