സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 10  റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചിറയിൻകീഴ്, മാളിയേക്കൽ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂർ, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശ്ശി (പട്ടാമ്പി), താനൂർ-തെയ്യാല, ചേലാരി- ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശ്ശേരി) എന്നിവിടങ്ങളിലായാണ് മേൽപ്പാലങ്ങൾ നിർമ്മിക്കുന്നത്. 

നമ്മുടെ നാടിന്റെ സമഗ്ര വികസനം ത്വരിതപ്പെടുത്തുവാൻ തടസ്സരഹിതമായ ഒരു റോഡ് ശൃംഖല അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. അത് യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ലെവൽക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സർക്കാർ ഈ നിർമ്മാണങ്ങൾ നടത്തുന്നത്. 251.48 കോടി മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ഈ പ്രവൃത്തികളുടെ നിർമ്മാണം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെൻറ് കോർപ്പറേഷനാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള ഈ നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് ഈ നിർമ്മാണങ്ങൾ നടത്തുന്നത്. എല്ലായിടത്തും രണ്ടു ലൈൻ ഫുട്ട്പ്പാത്തും ഉണ്ടാകും. പൈൽ, പൈൽ ക്യാപ്പ് എന്നിവ കോൺക്രീറ്റും, പിയർ, പിയർ ക്യാപ്പ്, ഗർഡർ എന്നിവ സ്റ്റീലും ഡെക് സ്ലാബ് കോൺക്രീറ്റിലുമായാണ്  നിർമ്മിക്കുന്നത്. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഈ മേൽപാലങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇവിടങ്ങളിൽ റെയിൽവേ ക്രോസ് കാരണം ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി പറയുന്നു.