ജോസ് കെ മാണി ഇനി ഇടതുപക്ഷത്ത്. രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആദ്യം എല്‍.ഡി.എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. ഒന്‍പത് മണിയോടെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. തോമസ് ചാഴിക്കാടന്‍ എം.പി., റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എം.എല്‍.എമാരുമാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തില്‍ പങ്കെടുത്തത്. 

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി.  കോണ്‍ഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപിച്ചു. രാജ്യസഭാംഗത്വം രാജിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എല്‍.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി വ്യക്താക്കി. എം.എല്‍.എമാര്‍ ഉള്‍പ്പെടെ മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ലെന്നും ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.