തിരുവനന്തപുരത്തെ വീട്ടുകരം തട്ടിപ്പിൽ പ്രതികരണവുമായി മേയർ ആര്യ രാജേന്ദ്രൻ. പൊതുജനങ്ങൾ അടച്ച മുഴുവൻ തുകയും സംരക്ഷിക്കുമെന്ന് അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കരമടയ്ക്കാത്തതിനാൽ ജപ്തിയുണ്ടാകില്ലെന്നും തട്ടിപ്പ് നടത്തിയ ഉദ്യോ​ഗസ്ഥരെ സംരക്ഷിക്കില്ലെന്നും അവർ പറഞ്ഞു.

നഗരസഭ ഭരണ സമിതിയെ അട്ടിമറിക്കാൻ നഗരത്തിന് പുറത്തു നിന്നും ആളുകളെ എത്തിക്കുന്നുവെന്ന് മേയർ ആരോപിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായ പോരായ്മ പുറത്തു കൊണ്ടുവന്നത് ഭരണസമിതിയാണ്. പ്രതിപക്ഷം മുന്നോട്ടുവെച്ച നല്ല നിർദേശങ്ങൾ അംഗീകരിച്ചതാണ്. പോലീസിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. അന്വേഷണം കൃത്യമായി നടക്കുന്നതിനാലാണ് മൂന്നു പേർ അറസ്റ്റിലായത്. സസ്പെൻഡ് ചെയ്ത മുഴുവൻ ആളുകൾക്കെതിരെയും കേസ് നൽകിട്ടുണ്ട്. 

കോവിഡ് സമയത്തെ നോട്ടക്കുറവും സോഫ്റ്റ് വേർ പ്രശ്നവും മൂലമാണ് തട്ടിപ്പ് നടന്നത്. അദാലത്ത് നടത്തി പ്രശ്നങ്ങൾ പരിഹരിക്കും. പൊതുജനം അടച്ച പണത്തിന് രേഖകളുണ്ടെന്നും പണം നഷ്ടപ്പെട്ട ആരും പേടിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.