എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത കാസര്‍കോടന്‍ ഗ്രാമങ്ങളിലെ നിസ്സഹായയായ അമ്മയാണ് രാജേശ്വരി. എട്ടുവര്‍ഷമായി മകള്‍ അഞ്ജലിയെ ഈ അമ്മ ഇരുമ്പഴിക്കുള്ളില്‍ പൂട്ടിയിട്ടാണ് വളര്‍ത്തുന്നത്. രണ്ടുവയസ്സുള്ളപ്പോഴാണ് അഞ്ജലിക്ക് അസുഖം മൂര്‍ച്ഛിക്കുന്നത്. തളര്‍ച്ചയും അപസ്മാരവും പതിവ്. എന്‍ഡോസള്‍ഫാനാണ് മകളുടെ ആരോഗ്യം കാര്‍ന്നുതിന്നുന്നതെന്ന് അന്ന് രാജേശ്വരി അറിഞ്ഞിരുന്നില്ല. മകളുടെ രോഗാവസ്ഥ തിരിച്ചറിഞ്ഞ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു.

പിന്നീട് പറ്റുന്ന പണിയെല്ലാം ചെയ്താണ് രാജേശ്വരി കുടുംബം പോറ്റിയത്. പ്രായം കൂടുംതോറും അഞ്ജലിയുടെ സ്വഭാവത്തിനും മാറ്റം വന്നു. സ്വയം കടിച്ചുമുറിവേല്‍പ്പിക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനും തുടങ്ങി. മുറിക്കകത്ത് പൂട്ടിയിട്ടപ്പോള്‍ ആ വാതിലും പൊളിച്ചു. ഒടുവില്‍ ഇരുമ്പഴികൊണ്ട് വാതില്‍ പണിതപ്പോള്‍ കൈകൊണ്ട് ഇരുമ്പുകമ്പിയില്‍ ഇടിച്ച് മുറിവുവരുത്തുന്നതും പതിവായി. ആ കാഴ്ചകള്‍ക്ക് മുന്നില്‍  കരയാന്‍ പോലും രാജേശ്വരിക്ക് സാധിച്ചിരുന്നില്ല.

എല്ലാം വിറ്റുപെറുക്കിയാണ് ഇതുവരെ ചികിത്സിച്ചത്. മൂന്ന് സെന്റ് സ്ഥലം സര്‍ക്കാരില്‍നിന്ന്‌ കിട്ടിയെങ്കിലും വീടുവയ്ക്കാന്‍ ഇന്നും സാധിച്ചിട്ടില്ല. കിട്ടിയ സഹായങ്ങള്‍ കൊണ്ടാണ് ഇതുവരെയുള്ള ചികിത്സയും വിശപ്പടക്കാനും സാധിച്ചത്. തുച്ഛമായ പെന്‍ഷന്‍ തുകകൊണ്ടാണ് ഇപ്പോള്‍ മൂന്നു ജീവനുകള്‍ കഴിയുന്നത്. വിശക്കുമ്പോള്‍ വല്ലാത്ത ശബ്ദമുണ്ടാക്കി അഞ്ജലി വയറ്റത്തടിച്ചുകരയും. കണ്ണീരല്ലാതെ മകളുടെ വിശപ്പടക്കാന്‍ ആ അമ്മക്ക് മറ്റൊന്നും കൊടുക്കാന്‍ ഉണ്ടാകാറില്ല.