ടെലിവിഷന്‍ കണ്ട് ശീലിച്ച നമ്മുടെ മുന്നില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ സ്ഥാനമുറപ്പിച്ച കാലഘട്ടത്തിലൂടെയാണ് നമ്മള്‍ സഞ്ചരിക്കുന്നത്.  ശ്രദ്ധേയമായ ഒട്ടേറെ വീഡിയോ സ്‌റ്റോറികളുമായാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മാതൃഭൂമി ഡോട്ട്‌കോം നിങ്ങളുടെ മുന്നിലെത്തിയത്. അതില്‍ നിന്നും തിരഞ്ഞെടുത്ത 20 വീഡിയോകള്‍, 20 ജീവിതകഥകള്‍

59 ദിവസം, പകൽ യാത്രയും രാത്രി ജോലിയുമായി ഒറ്റക്ക് ഒരു പെൺയാത്ര

പള്‍സര്‍ ബൈക്കില്‍ പകല്‍ മുഴുന്‍ യാത്ര, ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്ഥലം കണ്ടുപിടിച്ച് അവിടെ ഇരുട്ടി വെളുക്കുവോളം ജോലി, പുലര്‍ച്ചെ കുറച്ചു നേരം ഉറക്കം വീണ്ടും യാത്ര... പാലക്കാട് കല്‍പ്പാത്തി അഗ്രഹാരത്തില്‍ നിന്നും യാത്ര തുടങ്ങിയ ലക്ഷ്മി 59 ദിവസം കൊണ്ടാണ് ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിച്ചത്. കേരളത്തില്‍ നിന്നും മണാലി, ലേ, ലഡാക്ക് വഴി കര്‍ദൂംഗ് ലാ പാസ് വരേയും, അവിടുന്ന് കശ്മീരിലേക്കും, തിരിച്ച് കന്യാകുമാരി വഴി പാലക്കാട്ടേക്കുമായിരുന്നു യാത്ര. പാലക്കാട് യാത്ര അവസാനിപ്പിക്കും മുമ്പേ ഊട്ടിയിലേക്ക് ബൈക്ക് തിരിച്ചുവിട്ടു. 11400 ലേറെ കിലോമീറ്റര്‍ ഒറ്റക്ക് നടത്തിയ ബൈക്ക് യാത്രയുടെ വിശേഷങ്ങള്‍. 46 ലക്ഷത്തിലേറെ പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ കണ്ടത്‌

പേര് ഷീജ, ജോലി കള്ള് ചെത്ത്

തെങ്ങില്‍ക്കയറി കള്ളുചെത്തി കുടുംബം നോക്കുന്ന ഒരു വനിതയുണ്ട് കണ്ണൂരില്‍. കണ്ണവം പന്നിയോട് സ്വദേശി ഷീജ. ഭര്‍ത്താവ് ജയകുമാറിന് വാഹനാപകടം സംഭവിച്ച് കിടപ്പിലായപ്പോഴാണ് ഷീജ കള്ളുചെത്താനിറങ്ങിയത്. ചെത്തിനിടയില്‍ തെങ്ങില്‍ നിന്ന് വീണാണ് ഷീജയുടെ അനിയന്‍ മരിച്ചത്. ആ വേദന മനസിലുണ്ടെങ്കിലും അതിജീവിക്കുകയാണവര്‍. പ്രതിസന്ധികളില്‍ തളരാതെ. പതറാതെ. 

സംസ്ഥാന അവാര്‍ഡ് ജേതാവ്, ഇപ്പോള്‍ നായകന്‍, പക്ഷേ...

ഫോട്ടോഗ്രാഫര്‍ സിനിമയിലൂടെ പാടിപ്പറന്നു നടന്ന മണിയെ അത്ര പെട്ടെന്നാരും മറന്നുകാണില്ല. മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മണിയെ പിന്നെയാരും സിനിമയില്‍ കണ്ടില്ല. മമ്മൂട്ടിയുടേയും രജനീകാന്തിന്റേയും ചിത്രങ്ങളിലെ അവസരങ്ങളും മണിക്ക് നഷ്ടമായി. വര്‍ഷങ്ങള്‍ക്കിപ്പുറം ഉടലാഴം എന്ന ചിത്രത്തിലൂടെ നായകനായി മണി തിരിച്ചെത്തുകയാണ്, ഇനി മലയാള സിനിമയില്‍ അന്യനാകില്ലെന്ന പ്രതീക്ഷയോടെ. മലയാള സിനിമയിലെ ആദ്യ ഗോത്രവാസി നായകന്റെ ജീവിതത്തിലേക്ക്

 പവര്‍ഫുളാണ്  പഞ്ചര്‍ താത്ത 

സ്ത്രീകള്‍ ഒട്ടും കടന്നുചെല്ലാത്ത മേഖലയില്‍ പഞ്ചര്‍താത്ത തന്റെ സാന്നിധ്യമുറപ്പിച്ചിട്ട് വര്‍ഷം 20 കഴിഞ്ഞു. ആണിനും പെണ്ണിനും വ്യത്യസ്ത ജോലി എന്ന വേര്‍തിരിവിന്റെ കാലം പണ്ടേ കഴിഞ്ഞുപോയെന്നാണ് ഇവരുടെ പക്ഷം. പ്രാരാബ്ധങ്ങളും പ്രശ്‌നങ്ങളും വല്ലാതെ വലയ്ക്കുമ്പോഴും ജീവിതത്തെ നോക്കി നിറഞ്ഞു ചിരിക്കുന്ന പഞ്ചര്‍താത്തയെ കുറിച്ച്. 

 പ്രായം എഴുപത്തിരണ്ട്, ജോലി പാചകം; 'ചില്‍' ആണ് സരോജിനി അമ്മ

പ്രായം തീര്‍ത്ത അവശതകള്‍ക്ക് മുന്നിലും തളരാതെ ചങ്കൂറ്റത്തോടെ നില്‍ക്കുകയാണ് എഴുപത്തിരണ്ടുകാരിയായ സരോജിനിയമ്മ. തിരക്കുകള്‍ക്കിടയില്‍ ഭക്ഷണം ഉണ്ടാക്കാന്‍ പറ്റാത്തവരെത്തേടി മൂന്ന് നേരവും അന്നവുമായെത്തുന്ന സരോജിനി അമ്മ കോഴിക്കോട് ചാലപ്പുറത്തുകാര്‍ക്ക് പരിചിതമുഖമാണ്. 

അപകടത്തില്‍ തളര്‍ന്ന സുഹൃത്തിന് തുണയായി പത്ത് വര്‍ഷം

ഒന്നിച്ച് സഞ്ചരിക്കവേ അപകടത്തില്‍പെട്ട സുഹൃത്ത് ശ്യാമിന് ജീവിതത്തിലേക്ക് തിരികെ വരാന്‍ പരസഹായം കൂടിയേ തീരൂ എന്നറിഞ്ഞപ്പോള്‍ ഷിബു സ്വന്തം കാര്യം നോക്കി പോയില്ല, ശ്യാമും ഷിബുവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടിട്ട് ഒരു പതിറ്റാണ്ടാകുന്നു. ശ്യാമിനെ പരിചരിച്ച് ഇന്നും കൂടെയുണ്ട് ഷിബു. സുഹൃത്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്ന ഉറച്ച പ്രതീക്ഷ ഷിബുവിന് ഇപ്പോഴുമുണ്ട്. പക്ഷേ, അതിനായി അവന്റെ നല്ല മനസ്സ് മാത്രം പോരെന്നുമാത്രം.. SYAM RAJ T S Account No: 007200100131166 DhanalakshmiBank IFSC Code: DLXB0000072 Phone: 9142233389

കേരളത്തിലെ ആദ്യ ഗേ ദമ്പതികള്‍ക്കു പറയാനുള്ളത്‌

സ്വവര്‍ഗാനുരാഗം ഒരിക്കലും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. അവരങ്ങനെ ജനിക്കുന്നതാണ് . പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഉഭയസമ്മതത്തോടെ സ്വവര്‍ഗലൈംഗികതയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല എന്നതുപോലെ സ്വവര്‍ഗവിവാഹവും കുട്ടിയെ ദത്തെടുക്കുന്നതും നിയമാനുസൃതമാകേണ്ടതാണെന്നാണ് കേരളത്തിലെ ആദ്യ പുരുഷദമ്പതികളായ നികേഷ് - സോനു പറയുന്നത്.


തക്കാളിപ്പെട്ടി നിറയെ ജീവിതസ്വപ്നങ്ങളുമായി രണ്ടുപേര്‍


ഉയര്‍ന്ന വിദ്യാഭ്യാസം നേടുമ്പോള്‍ കുടുംബത്തെ സഹായിക്കാനും സ്വന്തം സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനും വേണ്ടി തടിമില്ലില്‍ തക്കാളിപ്പെട്ടിയും മുന്തിരിപ്പെട്ടിയും നിര്‍മിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍. അതിജീവനത്തിന്റെ വേറിട്ട മുഖങ്ങളാവുകയാണ് തൃശൂര്‍ മടവാക്കരയിലെ സഹോദരങ്ങളായ ആര്‍ച്ചയും ഗീതുവും.

അരലക്ഷം മാസശമ്പളം ഉപേക്ഷിച്ച് വളയം പിടിക്കാനിറങ്ങിയ പെണ്ണ്മാസം അരലക്ഷത്തോളം വരുന്ന ഒരു ജോലി ഉപേക്ഷിച്ച് ദീപ ജോസഫ് വളയം പിടിക്കാനിറങ്ങിയപ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. ഇന്ന് സ്വന്തം ഗ്രാമത്തിലെ പ്രിയപ്പെട്ട ഡ്രൈവറാണവര്‍. ബസ് ഡ്രൈവര്‍, ടിപ്പര്‍ ഡ്രൈവര്‍, കരട്ടേ ബ്ലാക്ബെല്‍റ്റ്, അസോസിയേറ്റ് ഡയറക്ടര്‍- കോഴിക്കോട് വിലങ്ങാട് സ്വദേശി ദീപയുടെ കരിയര്‍ സ്റ്റിയറിങും കടന്ന് കുതിക്കുകയാണ്

വൃദ്ധസദനത്തില്‍ വിവാഹം; കൊച്ചനിയനും ലക്ഷ്മി അമ്മാളിനും പ്രണയ സാഫല്യം

അഫ്ത്താബ്, ആശുപത്രി ജീവിതങ്ങളെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ കോഴിക്കോട്ടുകാരന്‍

പുലര്‍ച്ചെ അഞ്ചരയാകുമ്പോള്‍ ഭാര്യ തയ്യാറാക്കിവെക്കുന്ന ചായയും ബിസ്‌കറ്റുമായി അഫ്ത്താബ് എന്ന കുറ്റിച്ചിറക്കാരന്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തും. അവിടെ അഫ്ത്താബിനെ കാത്ത് ആരോരുമില്ലാത്ത രോഗികളുണ്ടാവും അവര്‍ക്ക് അന്നമാണ് അഫ്ത്താബ്.

Adam Harry | ഇന്ത്യയുടെ ആദ്യ ട്രാൻസ്മാൻ  പൈലറ്റ്

സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ ആദം ഹാരി എന്ന ട്രാന്‍സ്മാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍  കുറിക്കപ്പെട്ടത്  ഒരു ചരിത്രം കൂടി.  ഉടലിന്റെ സവിശേഷതയുടെ പേരില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ആദം ഇനി നീലാകാശത്ത് ഉയരെ പറക്കും. കൊമേഴ്‌സ്യല്‍ പൈലറ്റാവാനുള്ള പരിശീലനത്തിന് പോവുന്ന  ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മാന്‍ ആദം ഹാരിയുടെ വിശേഷങ്ങള്‍.

ഇന്‍സ്റ്റഗ്രാമില്‍ തരംഗം സൃഷ്ടിച്ച് തൃക്കണ്ണന്റെ ക്ലിക്ക്സ് 

വ്യത്യസ്തമായ ആശയം എന്നതിലുപരി യാഥാര്‍ഥ്യങ്ങളെ ചിത്രങ്ങളിലൂടെ കാണിച്ച് ആളുകളില്‍ ഒരു അവബോധം സൃഷ്ട്ടിക്കുകയാണ് ഈ 19-ക്കാരന്‍. ആലപ്പുഴക്കാരനായ ഹാഫിസ് സജീവ് അഥവാ തൃക്കണ്ണനാണ് ആ ക്രിയേറ്റീവ് ഫോട്ടോഗ്രാഫര്‍. ഇന്‍സ്റ്റാഗ്രാമാണ് തന്റെ പരീക്ഷണങ്ങള്‍ പങ്കുവെക്കാന്‍ ഹാഫിസ് തിരഞ്ഞെടുത്തത്. ബൈക്കില്‍ ഷാള്‍ കുരുങ്ങി അപകടത്തില്‍പ്പെടുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടെ എടുത്ത ഫോട്ടോകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വന്‍ ഹിറ്റ്. കാണാം തൃക്കണ്ണന്റെ ക്ലിക്ക്സ് വിശേഷങ്ങള്‍.

ഓട്ടോക്കാരന്‍മാത്രമല്ല, ഡോക്ടറും കൂടിയാണ് അജിത്ത്

പത്താംക്ലാസില്‍ തോറ്റതോടെ മീന്‍ കച്ചവടത്തിനിറങ്ങി.പിന്നീട് ജീവിക്കാനായി കടലവില്‍ക്കാനും ഓട്ടോക്കാരനുമായി. അജിത്ത് ഇന്ന് ഡോക്ടറാണ്. മലയാള സര്‍വകലാശാലയില്‍ നിന്ന് ആദ്യ ഡോക്ടറേറ്റുമായി പുറത്തിറങ്ങുമ്പോള്‍ അജിത്തിന് അഭിമാനിക്കാം.

കുപ്പികളില്‍ നിന്ന് മാസം കാല്‍ലക്ഷത്തിലധികം സമ്പാദിച്ച് 'ക്യുപ്പി'കുട്ടി

ഒഴിഞ്ഞ മദ്യകുപ്പികള്‍ ശേഖരിച്ച് പെയിന്റ് ചെയ്ത് മനോഹരമാക്കുകയാണ് കൊല്ലം, ഈസ്റ്റ് കല്ലട സ്വദേശിയായ അപര്‍ണയുടെ ഹോബി. കുപ്പി പെറുക്കുന്നതിനാല്‍ കൂട്ടുകാരും പരിചയക്കാരും 'ക്യുപ്പി' എന്ന് വിളിക്കുന്ന ഈ ബി.എഡ് വിദ്യാര്‍ഥിനി തീര്‍ക്കുന്ന സൃഷ്ടികള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. മാസം കാല്‍ ലക്ഷത്തിലധികം രൂപയാണ് ഈ കുപ്പികള്‍ അപര്‍ണയ്ക്ക് നേടിക്കൊടുക്കുന്നത്.

ഒരു രൂപ കട്ടനും കുട്ടേട്ടന്റെ ജീവിതവും

ഒരു രൂപയ്ക്ക് നിങ്ങള്‍ക്കിന്ന് എന്താണ് വാങ്ങിക്കാന്‍ കിട്ടുക. ഒന്നും കിട്ടില്ലെന്നാണ് ഉത്തരമെങ്കില്‍ കോഴിക്കോട് പാളയത്തെ മാരിയമ്മന്‍ കോവിലിനടുത്തുള്ള കുട്ടേട്ടന്‍ അതിന് ഒരു കട്ടന്‍ചായ തന്ന് മറുപടി നല്‍കും. കാരണം കുട്ടേട്ടന്റെ ചായക്കടയില്‍ ഇന്നും  ഒരു കട്ടന്‍ചായക്ക് ഒരു രൂപയാണ് വില.

ഇത് കൈത്താങ്ങിന്റെ പുതുചരിതം

വാസയോഗ്യമായ വീടുകളില്ലാതെ ദുരിത ജീവിതം നയിക്കുന്ന പതിനായിരക്കണക്കിന് ആളുകളുണ്ട് നമുക്ക് ചുറ്റിലും. അത്തരത്തില്‍ വീടില്ലാത്തവര്‍ക്ക് കൈത്താങ്ങാവുകയാണ് ഇടുക്കി, നാടുകാണി കപ്പൂച്ചിന്‍ ആശ്രമത്തിലെ ജിജോ കുര്യന്‍ എന്ന വൈദികന്‍.  ഒന്നര മുതല്‍ രണ്ടു ലക്ഷം രൂപ വരെ മാത്രം ചിലവ് വരുന്ന  ചെറിയ വീടുകളാണ് ഇവര്‍ നിര്‍മിച്ച് നല്‍കുന്നത്.

ചീഞ്ഞളിഞ്ഞതും പുഴുവരിച്ചതുമായ മൃതദേഹങ്ങളെ വാരിയെടുക്കുന്ന മനുഷ്യന്‍

ഇത് മഠത്തില്‍ അബ്ദുള്‍ അസീസ്. കേരളത്തിലങ്ങോളമിങ്ങോളം ദുരന്തമുഖങ്ങളില്‍ അസീസിനെ കാണാം. 54 വയസ്സിനുള്ളില്‍ ചീഞ്ഞളിഞ്ഞതും പുഴുവരിച്ചതും കത്തിക്കരിഞ്ഞതുമായ 3200 ഓളം മൃതദേഹങ്ങളാണ് ഇദ്ദേഹം താങ്ങിയെടുത്തത്. മോര്‍ച്ചറിയിലും ശ്മശാനത്തിലും ജോലി ചെയ്യുന്നവര്‍ ഇതിലുമേറെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടാകും. അവര്‍ക്ക് അത് തൊഴിലിന്റെ ഭാഗമാണെങ്കില്‍ അസീസിന്റേത് സാമൂഹ്യ പ്രവര്‍ത്തനമാണ്. ആരും തൊടാന്‍ മടിക്കുന്ന തരത്തിലുള്ള മൃതദേഹങ്ങള്‍ കണ്ടാല്‍ പോലീസ് ആദ്യം വിളിക്കുന്നത് അസീസിനെയാണ്.

കൈകളില്ലാതെ എന്തു ചെയ്യുമെന്നാണോ പ്രണവാണ് അതിന് മറുപടി

 

മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്ത ഇരുകൈകളുമില്ലാത്ത പ്രണവിനെ കേരളജനത മറന്നുകാണാനിടയില്ല. തന്റെ 21ാം ജന്മദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ചെറിയ തുക സംഭാവന ചെയ്യാനെത്തിയ പ്രണവിനെ നമുക്ക് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി തന്നെയാണ്. ചെറിയ പരിപാടികളിലൂടെ ലഭിച്ച തുകയാണ് അന്ന് പ്രണവ് സംഭാവന ചെയ്തത്. 

ഇരുകൈകളുമില്ലാതെയാണ് പ്രണവ് പിറന്നത്. കൈകളില്ലെന്നുള്ളത് ഒരു തടസ്സമല്ലെന്ന് തിരിച്ചറിഞ്ഞ പ്രണവ് തന്റെ കുറവുകളെ മറികടന്നു. കാലുകള്‍ കൊണ്ട് അതിമനോഹരമായി ചിത്രം വരയ്ക്കുന്ന പ്രണവ് സൈക്കളോടിക്കുകയും ചെയ്യും. ഇതുമാത്രമല്ല ഭിന്നശേഷിക്കാരുടെ കായികമത്സരങ്ങളിലും പ്രണവ് മികവ് തെളിയിച്ചിട്ടുണ്ട്

Content Highlights: TOP 20 Video Stories 2020, mathrubhumidotcom