ഇൻക്യുബേറ്റർ, ഇലക്ട്രിക് സൈക്കിൾ -ചെറുപ്രായത്തിൽ ഇലക്ട്രോണിക്സിൽ വൈദഗ്ധ്യം തെളിയിക്കുകയാണ് മലയാറ്റൂർ സ്വദേശിയായ ലിബിൻ മാർട്ടിൻ. പത്താംക്ലാസിൽ പഠിക്കുന്ന ഈ കുട്ടി എൻജിനീയറുടെ കഴിവ് തിരിച്ചറിഞ്ഞ കാലടി ആദിശങ്കര കോളേജ് മാനേജ്മെന്റ്, പ്ലസ് ടുവിന് ശേഷം ലിബിന് സൗജന്യമായി എൻജിനീയറിങ് സീറ്റും ഓഫർ ചെയ്തുകഴിഞ്ഞു.

ലോക്ഡൗൺ കാലത്ത് വീട്ടിൽ സ്വന്തമായി ഇൻക്യുബേറ്ററുകൾ നിർമിച്ച് വിൽപന നടത്തുന്നുമുണ്ട് ലിബിൻ. കഴിഞ്ഞ വർഷം അ‌ച്ഛൻ മരണമടഞ്ഞ ശേഷം അ‌മ്മയുടെ തുച്ഛമായ വരുമാനത്തിൽ മാത്രം കഴിയുന്ന നാലു മക്കളടങ്ങുന്ന കുടുംബത്തിന് കൈത്താങ്ങാവുക കൂടിയാണ് ഈ പതിനഞ്ചുകാരൻ.

ഇലക്ട്രോണിക്സ് എൻജിനീയറാവുക എന്നതിനൊപ്പം തന്റേതായ കണ്ടുപിടിത്തങ്ങളും നടത്തണമെന്നതാണ് ലിബിന്റെ ആഗ്രഹം. ഇൻക്യുബേറ്റർ പരിഷ്കരിക്കുന്നതും, എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ശേഷം എൽ.ഇ.ഡി നിർമിക്കുന്നതും ഉൾപ്പെടെ പല പദ്ധതികളും ലിറ്റിൽ എൻജിനീയറുടെ പരീക്ഷണശാലയിൽ പുരോഗമിക്കുകയാണ്.