മുത്തപ്പന്‍പുഴ കഴിഞ്ഞാല്‍ പിന്നെ തൂക്കുപാലമാണ്. കവുങ്ങിന്‍ തടിയിട്ട പേടിപ്പിക്കുന്ന തൂക്കുപാലം. അതു കടന്ന് ചെങ്കുത്തായ പാറക്കെട്ടും, കാടും താണ്ടിവേണം ജോസേട്ടന്റെ വീട്ടിലെത്താന്‍. കുഞ്ഞുജോസായിരുന്ന കാലത്ത് അപ്പനൊപ്പം കോഴിക്കോട്ടെ സ്വര്‍ഗം കുന്നിലെത്തി മണ്ണിനെ വെട്ടിപ്പിടിച്ചവന്‍. 

ഒരു പാട് വീടുകളും ആളുകളുമുണ്ടായിരുന്നു അന്ന് സ്വര്‍ഗം കുന്നില്‍. ആനയേയും കാട്ട് മൃഗങ്ങളേയുമെല്ലാം പേടിച്ചവര്‍ ഓരോരുത്തരായി താഴ്വാരത്തേക്ക് പോയി. സ്ഥലവും കൃഷിയും ഉപേക്ഷിച്ചു. 
ഇന്നിവിടെ ബാക്കിയുള്ളത് സ്വര്‍ഗം കുന്നിന്റെ കാവല്‍ക്കാരനെ പോലെ താമസിക്കുന്ന അറുപത്തിയൊമ്പതുകാരനായ ജോസേട്ടനും കുടുംബവും മാത്രമാണ്. 

മലകളാലും പാറക്കെട്ടുകളാലും ചുറ്റപ്പെട്ട് നട്ടുച്ചയ്ക്ക് പോലും കോടതീര്‍ക്കുന്ന ഇരുട്ടുള്ള സ്വര്‍ഗം കുന്നില്‍ അവര്‍ അതിജീവിക്കുന്നു, ജീവിതം കൊണ്ട് വിസ്മയിപ്പിക്കുന്നു. ഇടയ്ക്കിടെയെത്തുന്ന കാട്ടുമൃഗങ്ങള്‍ മാത്രമാണ് വിരുന്നുകാര്‍. മണ്‍കട്ടകൊണ്ടുള്ള വീട്ടില്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ജോസേട്ടന് കൂട്ടിനുള്ളത് കുറച്ച് ആടുകളും, പശുക്കളും കോഴികളും മാത്രം.