യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സ്വന്തം മക്കളുടെ കയ്യില്‍ സ്മാര്‍ട് ഫോണ്‍ നല്‍കുമ്പോള്‍, ഓണ്‍ലൈന്‍ പഠനത്തിന്റെ മറവില്‍ രാപകലോളം ഫോണില്‍ കഴിയുന്ന മക്കള്‍ തങ്ങളുടെ തൊട്ടരികെയിരുന്നുകൊണ്ട് ചതിയുടെ ചതുപ്പുകളിലാഴ്ന്നുപോകുന്നത് തിരിച്ചറിയാന്‍ കഴിയാത്ത മാതാപിതാക്കള്‍, ഉറക്കത്തില്‍ പോലും നിനയ്ക്കാത്ത കുട്ടികളുടെ ആത്മഹത്യകളും 'കാണ്മാനില്ല' എന്ന വാക്കുകളും നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന കേരളം, അറിയാത്ത പ്രായത്തില്‍ അയല്‍പക്കത്തിലെയും സ്വഭവനത്തിലെയും അരുതാത്ത കൈകള്‍ നീളുമ്പോള്‍ പ്രതികരിക്കാനറിയാത്ത കുരുന്നുകൾ, സൈബറിടത്തിലേക്ക് കഴുത്ത് നീട്ടിക്കൊടുക്കുന്ന കൗമാരം... 

ലോക്ഡൗൺകാലത്ത്, സുരക്ഷിതമെന്ന് കരുതുന്ന വീടിന്റെ ചുമരുകൾക്കുള്ളിൽ, നമ്മുടെ കുട്ടികൾ കണ്ടെത്തിയത് സൈബർലോകത്തിന്റെ വിശാലതയാണ്. ചുറ്റുവട്ടത്തുള്ളതിനേക്കാൾ കൂടുതൽ ഇരപിടിയൻമാർ, അവർക്കു വേണ്ടി അവിടെ കാത്തിരിപ്പുണ്ടെന്നറിയാതെ... അവരെ തേടി മാതൃഭൂമി ഇൻവെസ്റ്റിഗേഷൻ ടീം ആദ്യം ഇറങ്ങിയത്  പുതുതലമുറ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമായ ഇൻസ്റ്റഗ്രാമിലേക്കാണ്.  കേരളത്തിൽ ബാലപീഡകർ പെരുകുന്നുവോ, അന്വേഷണം ഇവിടെ ആരംഭിക്കുന്നു.