തളര്‍ന്ന് പോവുമായിരുന്ന ജീവിതത്തെ നൃത്തത്തിലൂടെ തിരികെ പിടിച്ച കഥയുണ്ട് പ്രിയ വിജേഷ് എന്ന രാമനാട്ടുകര സ്വദേശിനിക്ക് പറയാന്‍. തന്റെ പ്രിയതമനെയടക്കം ഇഷ്ടപ്പെട്ടതിനെയൊക്കെ വേദനകള്‍ സമ്മാനിച്ച് വിധി തിരിച്ചെടുത്തപ്പോള്‍ നൃത്തത്തെ മനസ്സിന്റെ വേദനയ്ക്കുള്ള മരുന്നാക്കി മാറ്റിയെടുത്തു പ്രിയ. അങ്ങനെ രാമനാട്ടുകരയില്‍ ഗൗരീശങ്കരം പിറന്നു. ഗൗരീശങ്കരമിന്ന് വെറും നൃത്തവിദ്യാലയമല്ല. മനസ്സ് വേദനിക്കുന്നവര്‍ക്കുള്ള അഭയകേന്ദ്രം കൂടിയാണ്.  

ബാല്യം മുതല്‍ തുടങ്ങിയിരുന്നു പ്രിയയുടെ അതിജീവനം. ഇഷ്ടപ്പെട്ടവനെ വിവാഹം കഴിച്ചെങ്കിലും മകളെ ഏഴാം മാസം ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ പ്രിയതമനേയും തട്ടിയെടുത്തു വിധി. പിന്നെ മകള്‍ പിറന്നത് പോലും അറിയാതായി പോയ വേദനയുടെ നാളുകള്‍. അവിടെ നൃത്തത്തെ ചേര്‍ത്ത് നിര്‍ത്തി മകളേയും കൂട്ടി ജീവിതത്തെ തിരിച്ച് പിടിച്ചു പ്രിയ വിജേഷ്.