ഇത് സിഫിയാ ഹനീഫ്. ചിതല്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ പാലക്കാട്ടെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയവും അത്താണിയുമായവര്‍. മരുന്നും ഭക്ഷണപ്പൊതിയും സഹായങ്ങളുമായി വിശക്കുന്നവര്‍ക്കരികിലേക്ക് സിഫിയ നടന്നു തുടങ്ങിയിട്ട് ഇത് ഏഴാം വര്‍ഷം. പതിനാറാം വയസില്‍ വിവാഹം. ഇരുപതാം വയസില്‍ വൈധവ്യം. ജീവിതം ഇരുട്ടിലായപ്പോള്‍ സിഫിയ തന്റെ രണ്ട് കുഞ്ഞുങ്ങളെയും ചേര്‍ത്ത് നിര്‍ത്തി. ഒരാള്‍ക്ക് അന്ന് എട്ട് മാസം. മറ്റൊരാള്‍ക്ക് ഒന്നര വയസ്.

പ്ലസ് വണ്ണില്‍ അവസാനിപ്പിച്ച പഠനം വീണ്ടും തുടങ്ങാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ ആരും കൂടെ നിന്നില്ല. ഒറ്റയ്ക്ക് നിന്ന് പൊരുതി. സ്വന്തം ചെലവില്‍ പഠനവും ജീവിതവും കൊണ്ടുപോകാന്‍ പിന്നെ ഭര്‍ത്താവിനൊപ്പം നിന്ന ബാംഗ്ലൂര്‍ നഗരത്തിലേക്ക്. കഷ്ടതയുടെ നാളുകള്‍. പക്ഷേ തളര്‍ന്നില്ല. പഠിച്ചു. ജോലി നേടി. സിഫിയ ഇന്നൊരു അധ്യാപികയാണ്. അതിനുമപ്പുറം നൂറുകണക്കിന് കുടുംബങ്ങള്‍ക്കും 32 വിധവകള്‍ക്കും ആശ്രയവും അത്താണിയുമാണവര്‍.