കോഴിക്കോട്: കത്തിയെരിഞ്ഞ് തീര്‍ന്നുപോവുമായിരുന്ന ജീവിതം. സ്വപ്നം കണ്ടതും എത്തിപ്പിടിക്കേണ്ടതും  നഷ്ടപ്പെട്ട്  ഒരു നിമിഷത്തിനുള്ളില്‍ ഇരുട്ടിലായിപ്പോയവള്‍. ആശുപത്രികളുടേയും മരുന്നിന്റേയും ചേര്‍ത്ത്പിടിക്കലിനൊടുവില്‍ എങ്ങോട്ടെന്നില്ലാത്ത ലക്ഷ്യമില്ലാത്ത യാത്ര, അല്ലെങ്കില്‍ പുതിയ ജീവിതം  തേടിയുള്ള ഒളിച്ചോടലെന്ന് പറയാം. പട്ടേല്‍കുടുംബത്തിന്റെ സുഖലോലുപതയില്‍ നിന്നും തെരുവിന്റെ ഓരങ്ങളിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ ശിവാനി പാട്ടീലിന് അന്ന് പതിനാല്  വയസ്സ്. ലക്ഷ്യമില്ലാത്ത യാത്രയ്ക്കൊടുവില്‍ രാജസ്ഥാനില്‍ നിന്നും വടക്കന്‍ കേരളത്തിന്റെ തെരുവിലേക്ക്. അവിടെ ഡയാന ലിസിയെന്ന അതീജിവിത പിറക്കുകയായിരുന്നു. പിന്നെ തെരുവിന്റെ പ്രിയപ്പെട്ടവളായി. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ അവള്‍ക്ക് ഒരു ദിവസത്തെ അന്നത്തിനുള്ള വകയൊരുക്കി. മിച്ചമുള്ളത് അശരണവരുടെ വയറ് നിറച്ചു. ഒടുവില്‍ ചെരുപ്പുകുത്തിയിലേക്കുള്ള വേഷപ്പകര്‍ച്ച.

പേരാമ്പ്രയുടെ തെരുവോരത്ത് ഇങ്ങനെ വര്‍ഷങ്ങളായി ഡയാന ലിസിയെ  കാണാം. പലരും അവരുടെ കഥപറഞ്ഞു. പിന്നെ നന്മയുള്ള നാട്ടിന്‍പുറത്തുകാര്‍ ഡയാനയ്ക്ക് അഭയമൊരുക്കി. തെരുവില്‍ നിന്ന് പഠിച്ച ചെരുപ്പുകുത്തലുമായി ജീവിതം തിരിച്ച് പിടിച്ച് തുടങ്ങിയ ഡയാന പാവങ്ങളുടെയും ആരുമില്ലാത്തവരുടെയും അമ്മയും സഹോദരിയുമായി. വര്‍ഷാവര്‍ഷം സ്‌കൂളുകളിലേക്ക് പുസ്തകങ്ങളും കുടകളുമെത്തിച്ചും ചികിത്സാ സഹായമാവശ്യമുള്ളവര്‍ക്ക് അത് എത്തിച്ച് കൊടുത്തും കേരളം  നടുങ്ങിയ പ്രളയകാലത്ത്  നുള്ളിപ്പെറുക്കിവെച്ച കൂലിയില്‍ നിന്നും പതിനായിരം രൂപയും ആവശ്യമുള്ളതുമെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തും ലിസി പേരാമ്പ്രക്കാരുടെ പ്രിയപ്പെട്ട അതിഥിയായി.

രാജസ്ഥാനിലെ ഉന്നത ജാതിയില്‍ പെട്ട പട്ടേല്‍കുടുംബത്തില്‍ ജനിച്ച ഡയാനയ്ക്ക്  സ്വത്തിന്റെ പേരിലായിരുന്നു പതിനാലാം വയസ്സില്‍ അമ്മാവന്‍മാരാല്‍ ആസിഡ് അക്രമണത്തിന് ഇരായാകേണ്ടി വന്നത്. പരീക്ഷകഴിഞ്ഞ് ഒഴിവുകാലത്തിന്റെ സ്വപ്നം കണ്ട് അമ്മയെ കാണാന്‍ ബോര്‍ഡിങ്ങില്‍ നിന്നും വീട്ടിലേക്കെത്തുമ്പോള്‍ അവളെ വരവേറ്റത് ചുട്ടുപൊള്ളുന്ന ആസിഡിന്റെ ക്രൂരത. അമ്മയേയും അവര്‍ തന്നെ കൊലപ്പെടുത്തിയെന്ന് പറയുന്നു ഡയാന. സമൂഹത്തില്‍ തെറ്റും ശരിയും നിശ്ചയിച്ചിരുന്ന പാട്ടില്‍ കുടുംബത്തെ ചോദ്യം ചെയ്യാനാവാതെ ഡയാനയങ്ങനെ അച്ഛന്റെ കൈയും പിടിച്ച് വടക്കന്‍ കേരളത്തിലെത്തി കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയുടെ തെരുവിലേക്കെത്തി. വര്‍ഷങ്ങളായി തെരുവിലായിരുന്നുവെങ്കിലും നൊച്ചാട് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരാലും സന്നദ്ധ സേവകരാലും കഴിഞ്ഞമാസം ചേനോളിയില്‍ ഉയര്‍ന്ന കൊച്ചുവീട് ഇന്നവര്‍ക്ക് അഭയം നല്‍കുന്നുണ്ട്. വയലോരത്തായതിനാല്‍ വീട്ടില്‍ ഒരുങ്ങിയ കിണറില്‍ നിന്നുള്ള വെള്ളം ഒന്നുകൂടി നന്നാക്കി  ഈ മാസം അവസാനത്തോടെ ആ കുഞ്ഞുവീട്ടിലേക്ക് താമസം മാറാന്‍ ഒരുങ്ങുകയാണിവര്‍.

ദിവസം 600 രൂപയോളം മാത്രമാണ് ചെരുപ്പുകുത്തിയാല്‍ ഡയാനയ്ക്ക് പലപ്പോഴും ലഭിക്കുക. ചിലപ്പോള്‍ അതുമുണ്ടാവാറില്ല. അതില്‍ നിന്ന് മിച്ചം വെച്ചാണ് അശരണരിലേക്ക്  ഓടിയെത്തുന്നത്. പാതികത്തിയ കഴുത്തും മുഖവുമായി ആളുകളിലേക്കിറങ്ങുമ്പോള്‍ തന്നെയാദ്യം പലപ്പോഴും ഭയന്നിരുന്നൂവെന്ന് പറയുന്നു ഡയാന. അടുത്തെത്തുന്ന കുട്ടികള്‍ തന്നെ  കാണുമ്പോള്‍ പേടിച്ചോടിയ സന്ദര്‍ഭമുണ്ട്. അവര്‍ ഇരിക്കുന്നിടത്തേക്ക് അടുത്തിരിക്കാന്‍ പോലും പലരും മടിച്ചു. പക്ഷെ പിന്നെയവര്‍ പേരാമ്പ്രയുടെ സ്വന്തമാവുകയായിരുന്നു. തെരുവിനൊപ്പം വളരുമ്പോള്‍ ഡയാന കുറവുകളെ മറന്നു. ശിവാനി പാട്ടീലിനേയും ആസിഡ് സമ്മാനിച്ച നീറ്റലുകളേയും മറന്ന് മലയാളത്തിന്റെ നന്മയേയും നാട്ടിന്‍പുറത്തേയും കൂടെ കൂട്ടി ഈ വനിതാ ദിനത്തിലും യാത്ര തുടരുന്നു.