ഒരു കാലത്ത് മത്സരക്കളത്തില്‍ തൊണ്ണൂറ് കിലോയോളമുള്ള ഭാരം പൂപോലെ എടുത്തിട്ട് തോല്‍പ്പിച്ചിരുന്നു ഭാരോദ്വഹനത്തിലെ പഴയ ഏഷ്യന്‍ താരമായ കോഴിക്കോട് കോവൂര്‍ സ്വദേശിനി ജി. അമ്പിളി. രാജ്യത്തിനകത്തും പുറത്തുമെല്ലാം വാരിക്കൂട്ടിയ മെഡലുകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും കയ്യും കണക്കുമില്ല. കഷ്ടപ്പെട്ടതിനൊക്കെയുള്ള ഫലമെന്നോണം ലഭിച്ച സര്‍ക്കാര്‍ ജോലി ആദ്യ മിനിറ്റില്‍ തന്നെ നിര്‍ഭാഗ്യം കൊണ്ട് നഷ്ടപ്പെട്ട്  പോയവള്‍.
 
ആദ്യ ദിനം ഹാജറിടാന്‍ നോക്കുമ്പോള്‍ അപ്രതീക്ഷിതമായി  എത്തിയ സ്റ്റേ ഓര്‍ഡര്‍ മൂലം നിയമ പോരാട്ടത്തിനൊപ്പം അമ്പിളിയിന്ന് ജീവിക്കാന്‍ കോഴിക്കോട് നഗരത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ  വിതരണ കമ്പനിയിലെ സെയില്‍സ് ഗേള്‍ ആയിരിക്കുന്നു. എം.എസ്സി മാത്ത്‌സ് ബി.എഎഡ് ബിരുദ ധാരിയായ ഇവര്‍ ട്യൂഷനെടുത്തും, പെയിന്റിംഗ് ജോലിയെടുത്തും മറ്റും ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിനിടെയാണ് കോവിഡ് എത്തിയത്. തുടര്‍ന്ന് പിടിച്ച് നില്‍ക്കാനായി ഭക്ഷണ വിതരണ കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു.