'ഇതെന്റെ ബിസിനസാണ്, പക്ഷേ ഈ സമയത്ത് അതല്ലല്ലോ പ്രധാനം' - രോഗികളെ കിടത്തിക്കൊണ്ട് പോകാവുന്ന രീതിയില്‍ മാറ്റം വരുത്തിയ ട്രാവലര്‍ സൗജന്യ സേവനത്തിനായി വിട്ടുനല്‍കാനുള്ള തീരുമാനത്തെക്കുറിച്ച് ബോബി പറയുന്നു. വാടകയ്ക്ക് വാഹനങ്ങള്‍ നല്‍കുന്ന ബിസിനസ് നടത്തുന്ന ബോബി കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നിന്ന് ഒരാളെ കൊണ്ടുവരാനാണ് ട്രാവലര്‍ ഇത്തരത്തില്‍ ആള്‍ട്ടര്‍ ചെയ്തത്.

പിന്നീട് ആസാമില്‍ വരെ പോയ വാഹനം, കോവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ആംബുലന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന ആര്‍ക്കും സൗജന്യമായി വിട്ടു കൊടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ് ഇദ്ദേഹം. കോവിഡ് ആയതിനാല്‍ ഉപയോഗിക്കാനാകാതെ കിടക്കുന്ന വാഹനങ്ങള്‍ വലിയ ചെലവില്ലാതെ ഇത്തരത്തില്‍ മാറ്റിയെടുക്കാമെന്നും ഈ ആലുവ സ്വദേശി പറയുന്നു. സമൂഹത്തിനും വാഹന ഉടമകള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ആശയമാണ് എന്നതുകൊണ്ടുതന്നെയാണ് ബോബിയും അദ്ദേഹത്തിന്റെ ആംബുലന്‍സ് വണ്ടിയും ഈ മഹാമാരിക്കാലത്തെ മാതൃകയായി മാറുന്നതും.