രണ്ടാംക്ലാസ് വരെയാണ് അബ്ദൂക്കയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. പക്ഷെ വയസ്സ് എണ്‍പതായിട്ടും വയനാട് മീനങ്ങാടിക്കടത്ത വരദൂരിലുള്ള ചെറുമുറയ്ക്കല്‍ അബ്ദു ഇന്ന് കളിപ്പാട്ടങ്ങളുടെ എന്‍ജിനീയറാണ്. പട്ടിണിക്കാലമായിരുന്ന വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം തന്റെ കുട്ടി കരഞ്ഞപ്പോള്‍ കരച്ചില്‍ നിര്‍ത്തിക്കാന്‍ വെറുതെയുണ്ടാക്കി കൊടുത്ത കളിവണ്ടിയില്‍ തുടങ്ങിയതാണ് അബ്ദുവിന്റെ ചിന്ത. 

പിന്നെയങ്ങോട്ട് ഈ എണ്‍പതുകാരന്റെ കുഞ്ഞു പണിശാലയില്‍ നിന്ന് പുറത്തിറങ്ങിയത് കളിവണ്ടികളുടെ വിസ്മയ ലോകം. ഉപയോഗം ഇല്ലാത്ത മരക്കഷണണങ്ങളും പ്ലാസ്റ്റിക്ക് കുപ്പികളും ആണികളും എന്തിന് മരത്തില്‍ പറ്റിപടര്‍ന്ന് വളരുന്ന കൂണ്‍ വരെ അബ്ദുക്കയുടെ സ്പെയര്‍ പാര്‍ട്സുകളാണ്.

വായിച്ചറിഞ്ഞോ കേട്ടറിഞ്ഞോ അല്ല പഠനം. ഓരോ നിമിഷവും ചിന്തിച്ച് കൊണ്ടേയിരിക്കും. പമ്പര വണ്ടികള്‍, മണ്ണെടുക്കുന്ന ജെ.സി.ബി., ബോഡി താഴ്ത്തുന്ന ടിപ്പര്‍ ലോറി, ചിറകടിക്കുന്ന പൂമ്പാറ്റ..  അബ്ദൂക്ക ഫുള്‍ടൈം ഗവേഷണത്തിലാണ്. എല്ലാം കൈകൊണ്ട് നിര്‍മിക്കുന്നവ. മെഷീനുകളെ പണിശാലകളിലേക്ക് അടുപ്പിക്കുന്നേയില്ല. പുറത്തിറങ്ങുന്നത് ചൈനീസ് വണ്ടികളെ പോലും പുറകിലാക്കുന്ന മെയ്ഡ് ഇന്‍ വരദൂര്‍ വാഹനങ്ങള്‍.

അബ്ദൂക്കയെ തേടി സംസ്ഥാനത്തിന് പുറത്ത് നിന്ന് പോലും ആളുകളെത്തുന്നു ഈ കുഞ്ഞ് വീട്ടില്‍. മുന്‍ കൂട്ടി ഓര്‍ഡര്‍ നല്‍കിയാല്‍ മനോഹരമായ ഓട്ടോറിക്ഷയും ബസ്സുമെല്ലാം റെഡി. ജീവിക്കാനുള്ള പണം കൊടുക്കണമെന്ന് മാത്രം. കൊറോണ ചതിച്ചത് മാത്രമാണ് ഇപ്പോള്‍ ചെറിയ തിരിച്ചടി. പുറത്തിറക്കുന്ന കളിപ്പാട്ടങ്ങള്‍ നടന്ന് വില്‍പ്പന നടത്താന്‍ പറ്റുന്നില്ല. എങ്കിലും തന്നെ അറിഞ്ഞ് തേടിപ്പിടിച്ചെത്തുന്നവര്‍ ഏറെയുണ്ടെന്ന് പറയുന്നു അബ്ദൂക്ക.