സാഹസികതയോട് ഭ്രമമുള്ളവരുണ്ട്. എന്നാൽ യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ സാഹസികത പരീക്ഷിച്ച രണ്ട് യുവതികൾക്ക് സംഭവിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. 6300 അടി ഉയരമുള്ള മലഞ്ചെരുവിൽ നിന്ന് ഊഞ്ഞാലാടുന്നതിനിടെ കീഴോട്ട് പതിച്ച യുവതികളാണ് വീഡിയോയിലുള്ളത്. 

റഷ്യയിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. സുലാക് മലയിടുക്കിൽ നിന്നുള്ള ദൃശ്യങ്ങളാണത്. ഉയരത്തിൽ ഊഞ്ഞാലാടുന്ന യുവതികളാണ് വീഡിയോയിലുള്ളത്. അവരെ ഓരോ തവണയും വേ​ഗതയോടെ ഊഞ്ഞാലാട്ടുന്ന യുവാവിനേയും കാണാം. ഇതിനിടയിൽ വശത്തുള്ള കമ്പിയിൽ ഊഞ്ഞാലിന്റെ ഒരുഭാ​ഗം തട്ടുകയും ​ഗതി മാറിപ്പോയ ഊഞ്ഞാലിൽ നിന്ന് യുവതികൾ താഴേക്ക് പതിക്കുകയുമാണ്. എന്നാൽ മലയിടുക്കിന് കീഴ്ഭാ​ഗത്തായി തടികൊണ്ടുള്ള ചെറിയ പ്ലാറ്റ്ഫോമിലേക്ക് വീണതുകൊണ്ട് കൂടുതൽ അപകടം സംഭവിച്ചില്ല. ഇരുവരേയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഊഞ്ഞാൽ പരമാവധി ഉയരത്തിലേക്ക് എത്തിയിരുന്നെങ്കിൽ ഇരുവരും താഴെ തടഞ്ഞു നിൽക്കാതെ നേരെ പതിക്കുമായിരുന്നു എന്നും കാഴ്ചക്കാർ പറയുന്നു.