സമൂഹ മാധ്യമങ്ങളുടെ ഈ കാലത്ത് ഒരാൾ വൈറലാവുന്നതൊക്കെ പതിവാണ്. ചിലർ വൈറലാവാൻ മനഃപൂർവം എന്തെങ്കിലുമൊക്കെ ചെയ്യും. മറ്റുചിലരെ അവരറിയാതെയും. എന്തെങ്കിലും ഒരു വ്യത്യസ്തത ഇത്തരം സംഭവങ്ങളിൽ ഉറപ്പാണ്. ഇന്തോനേഷ്യയിലെ ഒരു ബാലനാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. സ്വന്തം പേരാണ് അവനെ വൈറലാക്കിയത്.

എ ബി സി ഡി ഇ എഫ് ജി എച്ച് ഐ ജെ കെ സുസു എന്നാണ് 12-കാരനായ കുട്ടിയുടെ പേര്. വടക്കൻ സുമാത്രയിലെ മുവാര എനിം ജില്ലയിൽ പോലീസ് നടത്തിയ വാക്സിനേഷൻ ക്യാമ്പിനിടെയാണ് കുട്ടിയുടെ കൗതുകമുള്ള പേര് വെളിപ്പെടുന്നത്. പേരിന്റെ രണ്ട് ഭാ​ഗങ്ങളാണെന്ന് കാണിക്കാൻ എഫിനും ജിക്കും ഇടയിൽ ഒരു അകലം ഇട്ടിട്ടുണ്ട്. 

ക്യാമ്പിലെ പോലീസ് ഉദ്യോ​ഗസ്ഥനെടുത്ത വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്. വാക്സിനേഷൻ സ്ലിപ്പിലും കുട്ടി ധരിച്ചിരിക്കുന്ന യൂണിഫോമിലും ഇതേ പേര് കാണാം. ആരോ​ഗ്യപ്രവർത്തകർ ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും ഇതേ പേരിൽത്തന്നെയാണ് കുട്ടി വാക്സിനേഷന് ബുക്ക് ചെയ്തിരിക്കുന്നതും. എഴുത്തുകാരനാകണമെന്ന ആ​ഗ്രഹം കൊണ്ടാണ് താൻ മകന് ഈ പേരിട്ടതെന്ന് പിതാവ് സുൾഫാമി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

രണ്ടാമത്തെ കുട്ടിക്ക് എൻഓപിക്യൂ ആർഎസ്ടിയുവി എന്നും  മൂന്നാമത്തെ കുട്ടിക്ക് എക്സ് വൈ ഇസെഡ് എന്നും പേരിടാൻ സുൾഫാമിക്ക് ഉദ്ദേശമുണ്ടായിരുന്നെന്നും പിന്നീടത് മാറ്റുകയായിരുന്നെന്നും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.