ജീവിത പങ്കാളിയെ ആവശ്യമുണ്ടെന്ന് സ്വന്തം കടയ്ക്ക് മുന്നിൽ ബോർഡ് വെച്ച് തൃശ്ശൂർ വല്ലച്ചിറയിലെ ഉണ്ണികൃഷ്ണൻ. ബോർഡ് സുഹൃത്ത് ഫോട്ടോയെടുത്ത് ഫെയ്സ്‌ബുക്കിൽ ഇട്ടതോടെ സം​ഗതി വൈറലായി. വിവാഹപരസ്യം കണ്ട് ആലോചന പ്രളയമാണിപ്പോൾ. താത്പര്യമറിയിച്ച് ഓസ്ട്രേലിയയിൽ നിന്നു വരെ വിവാഹാലോചനയെത്തി.

ഇത്രയും പേരെ ചെന്നുകാണാൻ രണ്ടുവർഷമെങ്കിലും എടുക്കുമെന്നാണ് ഉണ്ണിക്കൃഷ്ണൻ പറയുന്നത്. ഇത്രയും നാൾ വിവാഹത്തേക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോൾ ഒരു അടിത്തറ കിട്ടി. അതിൽ പിടിച്ചുകയറാമെന്നായി. ഇപ്പോഴുള്ള കട റെസ്റ്റോറന്റാക്കി മാറ്റണം. നാട്ടുകാർ കാണാൻ വേണ്ടിയാണ് ഇങ്ങനെയൊരു ബോർഡ് വെച്ചത്. വൈറലാവണം എന്ന ഉദ്ദേശത്തോടെയല്ല ആ പോസ്റ്റിട്ടത്. എന്താണ് സംഭവിച്ചതെന്ന് തനിക്ക് തന്നെ അറിയില്ലെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.