ശ്രീലങ്കയിലെ സൗന്ദര്യമത്സരവേദിയിൽ നിന്നുള്ള ഒരസാധാരണ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. വിജയിയെ കിരീടം അണിയിക്കുന്നതിനിടെ അതു തട്ടിപ്പറിക്കുന്നതാണ് വീഡിയോയിലുള്ളത്. മിസിസ് ശ്രീലങ്ക ബ്യൂട്ടി പേജന്റിനിടെയായിരുന്നു സംഭവം. മിസിസ് ശ്രീലങ്കയായി തിരഞ്ഞെടുക്കപ്പെട്ട പുഷ്പിക ഡി സിൽവയ്ക്കു നേർക്കാണ് അതിക്രമമുണ്ടായത്.

തിങ്കളാഴ്ച്ചയായിരുന്നു സംഭവം നടന്നത്. വിജയിയെ പ്രഖ്യാപിച്ചയുടൻ റാംപ് വാക് ചെയ്ത് തിരികെയെത്തിയ പുഷ്പികയുടെ പക്കൽ നിന്ന് കിരീടം തട്ടിപ്പറിച്ച മിസ് വേൾഡും 2019ലെ മിസ് ശ്രീലങ്കയുമായ  കരോലിൻ കിരീടം ഫസ്റ്റ് റണ്ണറപ്പിനെ ചൂടിക്കുകയായിരുന്നു. അതിനു തക്കതായ കാരണവും കരോലിൻ പറഞ്ഞു. വിവാഹമോചിതയായ സ്ത്രീയാണ് പുഷ്പികയെന്നും ഷോയുടെ നിയമാവലികൾ പ്രകാരം അതു വിലക്കിയിട്ടുണ്ടെന്നുമാണ് കരോലിനയുടെ വാദം. 

പുഷ്പികയുടെ തലയിൽ നിന്ന് കരോലിന കിരീടം വലിച്ചൂരുന്നതും വീഡിയോയിൽ കാണാം. സംഭവത്തെത്തുടർന്ന് പുഷ്പികയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കരോലിനയുടേത് അനാവശ്യ വിവാദമാണെന്നും താൻ വിവാഹമോചിതയാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞ് പുഷ്പിക രം​ഗത്തെത്തുകയും ചെയ്തു. സംഭവത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പുഷ്പിക പറഞ്ഞു.