നവീന്‍ റസാഖിന്റേയും ജാനകി ഓംകുമാറിന്റേയും വൈറല്‍ ഡാന്‍സ് വീഡിയോ മതത്തിന്റെ നിറം നല്‍കി ചര്‍ച്ചയാക്കിയ വലത് തീവ്ര ചിന്താഗതിക്കാര്‍ക്ക് മറുപടിയെന്നോണം പുതിയ ഡാന്‍സ് വീഡിയോയുമായി  തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. നവീനിനും ജാനകി ഓംകുമാറിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈറല്‍ വീഡിയോയിലെ അതേ പാട്ടിന് നൃത്തം ചവിട്ടുകയാണ് ഇരുവരുടെയും സഹപാഠികള്‍. 

വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം എന്ന തലക്കെട്ടോടുകൂടി തൃശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍ ഫെയ്‌സ്ബുക്ക് പേജിലാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  #resisthate എന്ന ഹാഷ്ടാഗ് നല്‍കിയിരിക്കുന്ന പോസ്റ്റില്‍ വീഡിയോയില്‍ നൃത്തം ചെയ്ത എല്ലാവരുടേയും മുഴുവന്‍ പേരും നല്‍കിയിട്ടുണ്ട്. 

ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാല്‍ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടാന്‍ എന്നുകൂടി പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു.