വിവാഹദിനത്തിൽ വധു നാണംകുണുങ്ങി വേദിയിലെത്തുന്നതൊക്കെ പഴഞ്ചൻ രീതിയാണ്. ഇപ്പോൾ ചടുലനൃത്തച്ചുവടുകളോടെയും വേണമെങ്കിൽ ആയോധനകല വരെയും അവതരിപ്പിക്കുന്നവരുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നു പുറത്തു വരുന്ന വീ‍ഡിയോയും അത്തരത്തിലൊന്നാണ്. വിവാഹദിനത്തിൽ സിലമ്പാട്ടം എന്ന ആയോധനകല അവതരിപ്പിക്കുന്ന വധുവാണ് വീഡിയോയിലുള്ളത്. 

വിവാഹ വസ്ത്രത്തിൽ ആത്മവിശ്വാസത്തോടെ സിലമ്പാട്ടം അവതരിപ്പിക്കുന്ന ഇരുപത്തിരണ്ടുകാരിയായ നിഷയാണ് വീഡിയോയിലുള്ളത്. മൂന്നുവർഷത്തോളമായി ഈ ആയോധനകല അഭ്യസിക്കുന്ന നിഷ വിവാഹദിനത്തിൽ അത് അവതരിപ്പിച്ചതിന് പിന്നിലും ഒരു കാരണമുണ്ട്. സ്വയംപ്രതിരോധ മാർ​ഗങ്ങൾ പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവെക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് നിഷ പറയുന്നു. നിഷയുടെ പ്രകടനം കണ്ട് ആർപ്പുവിളിക്കുന്ന കാണികളേയും വീഡിയോയിൽ കാണാം.