മുൻ സൗന്ദര്യറാണിയുടെ അനവസരത്തിലുള്ള ഇടപെടൽമൂലം ‘മിസിസ്സ് ശ്രീലങ്ക’ മത്സരവിജയിയെ പ്രഖ്യാപിച്ച ചടങ്ങിലുണ്ടായത് നാടകീയരംഗങ്ങൾ ആയിരുന്നു. വിജയിയായി ജൂറി പുഷ്പിക ഡിസിൽവയെന്ന യുവതിയെ തിരഞ്ഞെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹർഷാരവങ്ങൾക്കിടെ മുൻ മിസിസ്സ് ശ്രീലങ്കയും നിലവിലെ മിസിസ്സ് വേൾഡ് വിജയിയുമായ കരോലിൻ ജൂറി പുഷ്പികയെ കിരീടമണിയിച്ചു. വിജയം ആസ്വദിക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് കരോലിൻ വീണ്ടുമെത്തിയത്. വിവാഹമോചിതയായ സ്ത്രീക്ക് മിസിസ്സ് ശ്രീലങ്ക പട്ടം നൽകാനാവില്ലെന്നു പറഞ്ഞ് പുഷ്പികയുടെ തലയിൽനിന്ന് അവർ കിരീടം ബലംപ്രയോഗിച്ച് തിരിച്ചെടുത്തു. ഫസ്റ്റ് റണ്ണറപ്പായ യുവതിയെ കരോലിൻ കിരീടമണിയിക്കുകയുംചെയ്തു. ഇതോടെ വിധികർത്താക്കൾക്ക് നന്ദിപറഞ്ഞ് കരഞ്ഞുകൊണ്ട് പുഷ്പിക വേദിവിടുകയും ചെയ്തു.

എന്നാൽ പുഷ്പിക വിവാഹമോചിതയാണെന്നതിന് നിയമപരമായ തെളിവുകൾ ഇല്ലെന്നും ഈ സാഹചര്യത്തിൽ പുഷ്പികതന്നെയാണ് വിജയിയെന്നും സമിതി പ്രസ്താവനയിറക്കി. തുടർന്ന് പുഷ്പിക കിരീടം അണിഞ്ഞുകൊണ്ട് സംഘാടകർക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. മകന്റെ കൈപിടിച്ചാണ് പുഷ്പിക വേദിയിലേക്കെത്തിയത്. കഠിനകാലങ്ങളെ തരണം ചെയ്യാൻ എക്കാലും താങ്ങായി നിന്ന മാതാപിതാക്കളാണ് തന്റെ കരുത്തെന്നും പുഷ്പിക വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭർത്താവുമായി മാറിത്താമസിക്കുകയാണെങ്കിലും വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്ന് പുഷ്പിക പിന്നീട് ഫെയ്സ്ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തു.