വന്യജീവികൾ സ്വസ്ഥമായി വിഹരിക്കുന്ന ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറി അവയെ ശല്യം ചെയ്യുന്നതിന്റെ വീഡിയോകൾ നിരവധി പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ തിരുപ്പൂരിൽ നിന്നും അത്തരമൊരു സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. തിരുമൂർത്തി ഡാമിനു സമീപത്തെ സംരക്ഷിത വനത്തിൽ ആനകളെ കല്ലെറിഞ്ഞും മറ്റും ശല്യം ചെയ്യുന്ന ​ഗോത്രവർ​ഗക്കാരായ യുവാക്കളാണ് വീ‍ഡിയോയിലുള്ളത്. 

നായ്ക്കളേയും കൊണ്ടാണ് മൂന്നു യുവാക്കൾ വനമേഖലയിൽ പ്രവേശിച്ചത്. വലിയ കല്ലുകൾ ഉപയോ​ഗിച്ച് ആനകളെ എറിയുന്നത് വീ‍ഡിയോയിൽ കാണാം. മരച്ചില്ലകൾ കൊണ്ട് മർദിക്കുകയും കൂട്ടത്തോടെ ശബ്ദങ്ങൾ ഉണ്ടാക്കി ആനയെ ശല്യം ചെയ്യുന്നുമുണ്ട്.  സഹികെട്ട് ആന തിരിച്ച് ആക്രമിക്കാനെത്തുന്നതും വീ‍ഡിയോയിൽ കാണാം. യുവാക്കൾ തന്നെയാണ് വീഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സംഭവത്തിൽ മൂന്ന് ​പേർക്കെതിരെ വനാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.  പി സെൽവം, ടി. കാലിമുത്തു, അരുൺ കുമാർ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.