'റാ റാ റാസ്പുടിൻ' എന്ന ​ഗാനത്തിന് ചുവടുകൾ വച്ച് സമൂഹമാധ്യമത്തിന്റെ ഇഷ്ടതാരങ്ങളായി മാറിയിരിക്കുകയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികളായ നവീൻ റസാഖും ജാനകി ഓം കുമാറും. ചടുലനൃത്തച്ചുവടുകളോടെ ദേശീയലത്തിൽ വരെ ഇരുവരും വൈറലായി.

ഇതിനു പിന്നാലെ ഇരുവരുടേയും പേരുകളിൽ നിന്ന് വീഡിയോക്ക് മതത്തിന്റെ നിറം നൽകി വിവാദം വലിച്ചിഴച്ചവരുമുണ്ട്. ഇതോടെ നവീനും ജാനകിക്കും ഐക്യ​ദാർഢ്യം പ്രകടിപ്പിച്ച് നിരവധി പേർ അതേ ​ഗാനത്തിന് ചുവടുകൾ വച്ചിരുന്നു. അക്കൂട്ടത്തിൽ വ്യത്യസ്തമാവുകയാണ് ട്രഡീഷണൽ വസ്ത്രത്തിൽ ചെയ്ത സ്റ്റൈലിഷ് ചുവടുകൾ. 

കേരളത്തനിമയുള്ള വസ്ത്രം ധരിച്ച് റാസ്പുടിൻ ​ഗാനത്തിന് ചുവടുവച്ച പെൺകുട്ടിയുടെ വീഡിയോയാണ് വൈറലാവുന്നത്. സെറ്റും മുണ്ടും ധരിച്ച് മുല്ലപ്പൂചൂടി തനിനാടൻ ശൈലിയിലാണ് പെൺകുട്ടി നടന്നെത്തുന്നത്. പതിയെ ചുവടുകൾ വച്ച് ഒടുവിൽ പാട്ടിന്റെ താളത്തിനൊപ്പം വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുകയാണ് പെൺകുട്ടി. 

വലതുതീവ്ര ചിന്താ​ഗതിക്കാർക്ക് മറുപടിയെന്നോണം തൃശ്ശൂർ മെഡിക്കൽ കോളേജിലെ മറ്റുചില വിദ്യാർഥികൾ തന്നെ അതേ ​ഗാനത്തിന് ചുവടുകൾ വെച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം എന്ന തലക്കെട്ടോടുകൂടി തൃശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍ ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചത്.  #resisthate എന്ന ഹാഷ്ടാഗ് നല്‍കിയിരിക്കുന്ന പോസ്റ്റില്‍ വീഡിയോയില്‍ നൃത്തം ചെയ്ത എല്ലാവരുടേയും മുഴുവന്‍ പേരും നല്‍കിയിട്ടുണ്ട്.