ലോക്ക്ഡൗൺ വേളയിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി സമൂഹത്തിന് മാതൃകയാവുന്ന ഒരു നല്ല മനസിനുടമയെ പരിചയപ്പെടാം. നേമം പോലീസ് സ്റ്റേഷനിലെ എസ്.ഐ ആയ സുബ്രഹ്മണ്യൻ പോറ്റിയാണ് ആ നല്ല മനുഷ്യൻ. ട്രാവൽ വ്ലോഗറും മാതൃഭൂമി ന്യൂസിലെ മാതൃഭൂമി യാത്രയുടെ ഛായാ​ഗ്രാഹകനും സംവിധായകനുമായ റോബി ദാസാണ് വെള്ളായണി കായലിന് സമീപത്ത് നിന്നുള്ള ഈ ദൃശ്യം പകർത്തിയത്.

പോലീസ് വാഹനത്തിൽ നിന്നും എസ്.ഐ ഇറങ്ങുമ്പോഴേക്കും ചിരപരിചിത ഭാവത്തിൽ അടുത്തുകൂടുന്ന രണ്ട് നായ്ക്കളുടെ ദൃശ്യമാണ് റോബി ദാസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. താനിവയെ കാണുമ്പോൾ ഭക്ഷണം കഴിക്കാതെ വയറൊട്ടിയായിരുന്നു നിന്നതെന്നും അത് മനസിനെ വല്ലാതെ പിടിച്ചുലച്ചെന്നും എസ്.ഐ പറയുന്നു. 

ആ ദിവസത്തിന് ശേഷം ഡ്യൂട്ടിക്ക് വരുന്ന ദിവസങ്ങളിൽ നായ്ക്കൾക്കും ഭക്ഷണം വാങ്ങും. പതിവായതോടെ ഉച്ച സമയത്ത് പോലീസ് വാഹനം കാണുമ്പോഴേക്കും നായ്ക്കൾ എവിടെ നിന്നെങ്കിലുമൊക്കെ ഓടിവരും. മനുഷ്യനല്ലെങ്കിലും ഇവയും ഒരു ജീവിയല്ലേ, ദൈവസൃഷ്ടിയല്ലേ എന്നാണ് സുബ്രഹ്മണ്യൻ പോറ്റി ചോദിക്കുന്നത്.