സിപിഎം സമ്മേളനത്തില്‍ രക്തസാക്ഷി മുദ്രാവാക്യം മുഴക്കി താരമായി തേജസ്സ്. സി.പി.എം. ചിറ്റില്ലഞ്ചേരി ലോക്കല്‍ സമ്മേളനത്തിലാണ് മുത്തച്ഛനായ പി.കെ. രാമകൃഷ്ണന്‍ ചെങ്കൊടി ഉയര്‍ത്തുമ്പോള്‍ കൊച്ചുമകനായ തേജസ്സ് രക്തസാക്ഷികളുടെ പേരില്‍ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ താരമായി മാറിയിരിക്കുകയാണ് തേജസ്സ്.

അച്ഛനും, മുത്തച്ഛനുമൊപ്പം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാറുള്ള തേജസ്സ്, ചേട്ടന്മാര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ കേട്ടുപഠിച്ചാണ് മനഃപ്പാഠമാക്കിയത്. സി.പി.എം. കാത്താംപൊറ്റ ബ്രാഞ്ച് സമ്മേളനത്തിലാണ് ആദ്യമായി മുദ്രാവാക്യം വിളിച്ചത്. പിന്നീടാണ് ചിറ്റില്ലഞ്ചേരി ലോക്കല്‍ സമ്മേളനത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ രക്തസാക്ഷി മുദ്രാവാക്യം വിളിച്ചത്. ചെഗുവേരയുടെയും, മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉള്‍പ്പെടെ സി.പി.എം. നേതാക്കളുടെ ചിത്രങ്ങളും തേജസ്സ് വരച്ചിട്ടുണ്ട്.

താന്‍ വരച്ച ചിത്രവുമായി ഇഷ്ടനേതാവായ പിണറായി വിജയനെ നേരില്‍ കാണണമെന്നതാണ് തേജസ്സിന്റെ ആഗ്രഹം. ആലത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ചിറ്റില്ലഞ്ചേരി പ്ലാങ്ങോട് വീട്ടില്‍ ആര്‍. രമേഷിന്റെയും, പ്രസീതയുടെയും മകനാണ് ചിറ്റില്ലഞ്ചേരി പി.കെ.എം.എ. യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയായ തേജസ്സ്. ഗായത്രിയാണ് സഹോദരി.