യഥാർഥമോ തോന്നലോ എന്ന് സംശയം ജനിപ്പിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും കണ്ടിട്ടുണ്ടാവും. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്ന വീഡിയോകളിലൊന്നും ഒരു ഒപ്റ്റിക്കൽ ഇല്യൂഷന്റേതാണ്. മുഖത്ത് ചായം പൂശി അമ്പരപ്പിച്ച ഒരു മേക്അപ് ആർട്ടിസ്റ്റ് ആണ് വീഡിയോയിലുള്ളത്. മുഖത്ത് അങ്ങിങ്ങായി നിറയെ കണ്ണുകളും ചുണ്ടുകളുമൊക്കെ വരച്ചിരിക്കുകയാണ് കക്ഷി. യഥാർഥ കണ്ണും മൂക്കുമൊക്കെ ഏതെന്ന് അതിശയിപ്പിക്കും വിധത്തിലാണ് മേക്അപ് ചെയ്തിരിക്കുന്നത്. 

മിമി ചോയ് എന്ന മേക്അപ് ആർട്ടിസ്റ്റാണ് അതിശയിപ്പിക്കുന്ന മേക്കോവർ ചെയ്തിരിക്കുന്നത്. മുഖത്തിന്റെ ഇരുവശങ്ങളിലും നെറ്റിയിലും തലയിലുമൊക്കെ കണ്ണുകളും മൂക്കും ചുണ്ടുകളുമൊക്കെ വരച്ചിരിക്കുകയാണ് മിമി. ചായം പൂശിയ ചുണ്ടും കരിമഷിയെഴുതിയ കണ്ണുകളുമൊക്കെ പെർഫെക്റ്റായി തന്നെ പകർത്തിയിട്ടുണ്ട്. എട്ടു മണിക്കൂറോളമെടുത്താണ് മിമി തന്റെ മേക്അപ് പൂർത്തിയാക്കിയത്. നേരത്തേയും ഇത്തരത്തിലുള്ള മായക്കാഴ്ചകൾ മേക്അപ്പിലൂടെ പകർത്തിയിട്ടുള്ളയാളാണ് മിമി.