A post shared by Erin Liz (@lizzy3003)

റാസ്പുടിൻ ​ഗാനത്തിന് ചുവടുകൾ വച്ച് വൈറലായ തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ നവീൻ റസാഖിനും ജാനകി ഓം കുമാറിനും പിന്തുണയേറുന്നു. സമൂഹമാധ്യമത്തിൽ തരം​ഗമായ നൃത്തവീഡിയോക്ക് പിന്നാലെ ഇരുവരുടേയും മതം ചികഞ്ഞ് കടന്നാക്രമണം നടത്തിയവരുമുണ്ട്. തുടർന്ന് നവീനും ജാനകിക്കും പിന്തുണയുമായി തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തവും പരമ്പരാ​ഗത വസ്ത്രത്തിൽ അവതരിപ്പിച്ച നൃത്തവുമൊക്കെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെയിതാ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികളും വിദ്വേഷങ്ങളെ കാറ്റിൽപ്പറത്തി നവീനും ജാനകിക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ച് വീഡിയോ ചെയ്തിരിക്കുകയാണ്. 

കോഴിക്കോട് മെഡിക്കൽ കോളേജ് വരാന്തയിൽ നിന്ന് റാസ്പുടിൻ ​ഗാനത്തിന് ചുവടുകൾ വച്ചിരിക്കുകയാണ് വിദ്യാർഥികൾ. മിസ് കേരള എറിൻ ലിസ് ജോൺ ഉൾപ്പെടെ അഞ്ചുപേരാണ് വീഡിയോയിലുള്ളത്. എറിന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വ‍ീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒന്നിച്ചു നൃത്തം ചെയ്യുന്നു എന്നതിന്റെ പേരിൽ ഒരാളുടെ ജോലിയേയോ നിറത്തേയോ മതത്തേയോ ലിം​ഗത്തേയോ വിലയിരുത്തരുത് എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിവേചനത്തിനെതിരെയും സ്റ്റീരിയോ ടൈപ്പുകൾക്കെതിരെയും നിലകൊള്ളുന്നു. നിങ്ങൾ അലറിക്കൊണ്ടിരിക്കൂ, ഞങ്ങൾ നൃത്തം ചെയ്തുകൊണ്ടിരിക്കും എന്നാണ് വീഡിയോക്കൊപ്പം അവർ കുറിച്ചിരിക്കുന്നത്.